അഴിമതി ഭരണം

ഏകാധിപതികള്‍ക്കിടയില്‍ അഴിമതിക്കാര്‍ക്ക് ക്ഷാമമില്ല. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ പലരും അഴിമതിയുടെ കാര്യത്തില്‍ ഏകാധിപതികളോടു മല്‍സരിക്കുകയാണെന്നു തോന്നും വാര്‍ത്തകള്‍ കേട്ടാല്‍.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഈയിടെ പുറത്തായ ജേക്കബ് സുമ അഴിമതിയുടെ കാര്യത്തില്‍ ആ നാട്ടിലൊരു റെക്കോഡിട്ടാണ് അധികാരത്തില്‍ നിന്നു പുറത്തുപോയത്. നികുതിപിരിവിന്റെ കാര്യത്തില്‍ ഏറ്റവും കാര്യക്ഷമമായ ഭരണകൂടമായിരുന്നു ആഫ്രിക്കാ വന്‍കരയില്‍ ദക്ഷിണാഫ്രിക്കയിലേത്. ഇപ്പോള്‍ ആ വകുപ്പ് ആന കയറിയ കരിമ്പിന്‍തോട്ടം മാതിരിയായിരിക്കുന്നുവെന്നാണു പത്രങ്ങള്‍ പറയുന്നത്. സുമയുടെ വേണ്ടപ്പെട്ടവര്‍ക്ക് നികുതി വെട്ടിക്കാന്‍ സൗകര്യം ഒരുക്കലായിരുന്നുവത്രേ വകുപ്പിന്റെ പ്രധാന ചുമതല.
ആഫ്രിക്കയില്‍ അങ്ങനെയെങ്കില്‍ ഏഷ്യയിലും കാര്യങ്ങള്‍ തഥൈവ തന്നെ. ഈയിടെ അധികാരത്തില്‍ നിന്നു പുറത്തായ മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ വസതികളില്‍ നിന്ന് അഴിമതിവിരുദ്ധ പോലിസ് അധികൃതര്‍ പിടിച്ചെടുത്തത് 273 ദശലക്ഷം ഡോളറിന്റെ അനധികൃത സ്വത്താണെന്നാണു മാധ്യമങ്ങള്‍ പറയുന്നത്. സ്വര്‍ണ-രത്‌നാഭരണങ്ങള്‍ 12,000ല്‍ അധികമാണു കണ്ടുകിട്ടിയത്. ഡോളറും മറ്റുമായി പണം തന്നെ 30 ദശലക്ഷം ഡസന്‍കണക്കിന് ബാഗുകളില്‍ കുത്തിനിറച്ചിരിക്കുകയായിരുന്നു. നോട്ടെണ്ണല്‍ യന്ത്രം ആറെണ്ണം മൂന്നുദിവസം എണ്ണിയാണത്രേ അതു തിട്ടപ്പെടുത്തിയത്.

RELATED STORIES

Share it
Top