അഴിമതി നടത്തിയവരെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരേണ്ട: പന്ന്യന്‍

കോട്ടയം: യുഡിഎഫ് ഭരണകാലത്ത് അഴിമതിയിലൂടെ തിന്നുകൊഴുത്തവരെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് സിപിഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കേരളാ കോണ്‍ഗ്രസ്സിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ മുന്‍നിര്‍ത്തിയാണ് പന്ന്യന്റെ പ്രസ്താവന. കോട്ടയത്ത് പി പി ജോര്‍ജ്, കുമരകം ശങ്കുണ്ണി മേനോന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ ചിലര്‍ എല്‍ഡിഎഫിലേക്ക് കടന്നുവരാന്‍ ആര്‍ത്തിയോടെ നോക്കുന്നുണ്ട്. അത്തരക്കാര്‍ക്കുള്ള വഴിയമ്പലമല്ല എല്‍ഡിഎഫ്. അത്തരക്കാര്‍ക്ക് സിപിഐ തടസ്സമാണ്. അത് ബിജെപിക്കെതിരേയുള്ള പ്രവര്‍ത്തനത്തെ കളങ്കപ്പെടുത്തും. അതേസമയം, കമ്മ്യൂണിസ്റ്റുകാര്‍ അഴിമതിയോട് സന്ധിചെയ്യാന്‍ തുടങ്ങിയെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റുകാര്‍ അഴിമതിയില്‍ നിന്ന് അകലം പാലിക്കേണ്ടവരാണ്. നിര്‍ഭാഗ്യവശാല്‍ അഴിമതിയോട് സന്ധി ചെയ്യുകയാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍. അതിന്റെ ഫലമായി രാഷ്ട്രീയത്തിലേക്കുള്ള യുവാക്കളുടെ പ്രവേശനം നിലയ്ക്കും. കമ്മ്യൂണിസ്റ്റുകാരുടെ അഴിമതികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യണം. അഴിമതിക്കാരെ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള തന്റേടം കാണിക്കണം. സ്വയം വിമര്‍ശനത്തിനുള്ള കെല്‍പ്പ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു നഷ്ടപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. പി കെ കൃഷ്ണന്‍, ടി സി ബിനോയ് സംസാരിച്ചു.

RELATED STORIES

Share it
Top