അഴിമതി; ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റിന് 15 വര്‍ഷം തടവ്

സോള്‍: ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റ് ലീ മുങ് ബാക്കിന് 15 വര്‍ഷത്തേക്കു ജയില്‍ശിക്ഷ വിധിച്ചു. വിവിധ അഴിമതിക്കേസുകളില്‍ കുറ്റക്കാരനായതിനെത്തുടര്‍ന്നാണ് വിധി. 11.5 ദശലക്ഷം പിഴയ്ക്കും കോടതി ഉത്തരവിട്ടു.
2008-13 വര്‍ഷക്കാലയളവില്‍ പ്രസിഡന്റായിരിക്കെ പദവി ദുരുപയോഗം ചെയ്യല്‍, അഴിമതി, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ലീയുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അദ്ദേഹത്തെ കേസില്‍ അറസ്റ്റ് ചെയ്തത്. അതേസമയം, കേസ് വിധി പറഞ്ഞ തലസ്ഥാനത്തെ കോടതിയില്‍ ലീ ഹാജരായില്ല. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹത്തെ വിസ്തരിച്ചത്. അനാരോഗ്യത്തെത്തുടര്‍ന്നാണ് ഹാജരാവാന്‍ സാധിക്കാത്തതെന്നാണ് ലീയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരായ പ്രതിഷേധമായിരുന്നു അദ്ദേഹം ഹാജരാവാത്തതെന്നും റിപോര്‍ട്ടുണ്ട്.
രാജ്യത്തെ പ്രഥമ പൗരന്‍ ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, രാഷ്ട്രീയ പകപോക്കലാണ് കേസിന്റെ പിറകിലെന്നാണ് ലീയുടെ വാദം. അതേസമയം, തെക്കന്‍ കൊറിയയിലെ മുന്‍കാല നേതാക്കളെല്ലാം ക്രിമിനല്‍ കുറ്റങ്ങളില്‍ വിചാരണ നേരിടുകയാണ്. ലീയുടെ പ്രധാന പിന്‍ഗാമിയും ആദ്യ വനിതാ പ്രസിഡന്റുമായ പാര്‍ക്ക് ഗെന്‍ ഹൈ അഴിമതിക്കേസില്‍ 25 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്.

RELATED STORIES

Share it
Top