അഴിമതി തടയല്‍ ഭേദഗതി ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി: അഴിമതി തടയല്‍ ഭേദഗതി ബില്ല്- 2018ന് പാര്‍ലമെന്റിന്റെ അംഗീകാരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയുള്ളതാണ് ബില്ല്. കൈക്കൂലി നല്‍കുന്നവര്‍ക്കെതിരേ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നുവെന്ന കേസെടുക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയ ബില്ലിന് ഈ മാസം 19ന് രാജ്യസഭ അംഗീകാരം നല്‍കിയിരുന്നു.
കൈക്കൂലി നല്‍കുന്നവര്‍ക്കെതിരേയും ക്രിമിനല്‍ നിയമനടപടി വേണമെന്നു ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് കൈക്കൂലി വാങ്ങുന്ന കേസുകളെ അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ട് പരിഗണിച്ച ശേഷമാവും നടപടിയെടുക്കുക. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഏജന്‍സികള്‍ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്നും സിങ് വ്യക്തമാക്കി.
അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കുന്നതിനായി പ്രത്യേക ജഡ്ജിക്ക് ചുമതല നല്‍കണമെന്നതടക്കമുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ അവസാനിച്ചിട്ടില്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ടെന്ന് ബില്ലില്‍ പറയുന്നു.
2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായി അവതരിപ്പിച്ച ബില്ല് രാജ്യസഭാ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 43 കൂട്ടിച്ചേര്‍ക്കലുകളുമായാണ് ബില്ലിന് പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്‍കിയത്. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്ല് നിയമമായി മാറും.
മോദി സര്‍ക്കാരിന് അഴിമതിവിരുദ്ധ നടപടികളില്‍ ആത്മാര്‍ഥതയില്ലെന്ന് ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ കക്ഷികള്‍ അഭിപ്രായപ്പെട്ടു.
വിവരാവകാശ കമ്മീഷന്റെ ചിറകരിയുന്നവര്‍ക്ക് അഴിമതി നിരോധനത്തെപ്പറ്റി സംസാരിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും അഴിമതിയില്‍ അപകടകരമായത് രാഷ്ട്രീയ അഴിമതിയാണെന്നും സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി അഴിമതി നിരോധന ഭേദഗതി നിയമത്തിന്റെ ചര്‍ച്ചാ വേളയില്‍ പറഞ്ഞു.
നിലവിലുള്ള അഴിമതി നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ അഴിമതി നിരോധന നിയമ ഭേഗദഗതി ബില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. പുതിയ ഭേദഗതി അനുസരിച്ച് അഴിമതി നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സാധ്യത കുറയുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top