അഴിമതി: ഖാലിദ സിയക്ക് തടവ്

ധക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു. ധക്കയിലെ പ്രത്യേക കോടതിയാണു 72കാരിയായ ഇവരെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്്. സിയ പ്രധാനമന്ത്രിയായിരിക്കെ അനാഥ കുട്ടികള്‍ക്കായുള്ള സഹായനിധിയില്‍ നിന്ന് 2.52 ലക്ഷം യുഎസ് ഡോളര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. കേസില്‍ സിയയുടെ മകന്‍ താരീഖ് റഹ്മാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ 10 വര്‍ഷം തടവിനു ശിക്ഷിച്ചു. മിനിറ്റുകള്‍ക്കകം സിയയെയും മകനെയും ജയിലിലേക്കു മാറ്റി. ശിക്ഷിക്കപ്പെട്ടതിനാല്‍ ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് അവര്‍ ആരോപിച്ചു. വിധി പ്രസ്താവിക്കുന്ന കോടതിക്കു പുറത്തു ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കോടതിക്കു പുറത്തുള്ള പ്രവര്‍ത്തകരെ കണ്ണീര്‍വാതകം പ്രയോഗിച്ച്് പിരിച്ചുവിട്ട ശേഷമാണു കോടതി വിധി പ്രഖ്യാപിച്ചത്. പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പ്രവര്‍ത്തകരെ പോലിസ് അറസ്്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്്. ഈയിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ എട്ടു ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ട കേസില്‍ ഖാലിദ സിയക്കെതിരേ ജില്ലാ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top