അഴിമതി ഒരുവിഭാഗം ജീവനക്കാരെ ബാധിച്ച കാന്‍സര്‍: മുഖ്യമന്ത്രി

അടിമാലി: ജീവനക്കാരുടെ മുന്നിലെത്തുന്ന ഫയല്‍ ഒരു ജീവിതമാണെന്ന് തിരിച്ചറിഞ്ഞ് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരാണ് യഥാര്‍ഥ ജീവനക്കാര്‍. അഴിമതി ഒരുവിഭാഗം ജീവനക്കാരെ ബാധിച്ച കാന്‍സറാണ്. അഴിമതിക്കാരെ നേരിടാന്‍ സര്‍വീസ് സംഘടനകള്‍ക്ക് കഴിയും. മാതൃകാപരമായ ഇടപെടലുകള്‍ ഉണ്ടായാല്‍ അത് സാമൂഹിക പ്രതിബദ്ധതയായി മാറുകയും ചെയ്യും. ഒരു ജീവനക്കാരന് സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അഴിമതിക്കാര്‍ക്കെതിരേ ദയയില്ലാത്ത നടപടിയുണ്ടാവും. തിരുത്തല്‍ പ്രക്രിയക്ക് വേണ്ടി സംഘടനയ്ക്ക് എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് പഠിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സര്‍വീസില്‍ അഴിമതിക്കാരെ ഉണ്ടാവാന്‍ പാടില്ലെന്ന ഉറച്ച നിലപാടാണ് സര്‍ക്കാരിന്. സര്‍വീസ് മേഖലയെ അസംതൃപ്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ല. ഇന്ത്യയെ കുത്തകകള്‍ക്ക് തീറ് നല്‍കുന്ന നയമാണ് കേന്ദ്രത്തിന്റേത്. ലാഭത്തിലുള്ള ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടമാണെന്ന് വരുത്തി കുത്തകകള്‍ക്ക് കൈമാറുന്നു. മല്‍സ്യത്തൊഴിലാളി മേഖലയെ പുനരുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ജിഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍, എഐഎസ്ജിഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, എഫ്എസ്ഇടിഒ പ്രസിഡന്റ് കെ സി ഹരികൃഷ്ണന്‍, പി വി രാജേന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top