അഴിമതി ആരോപിതനായ സിപിഎം നേതാവിനെ വൈസ് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധം

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തില്‍ അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന കുലശേഖരപുരം ആറാം വാര്‍ഡ് മെംബറും സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ മറ്റത്ത് രാജനെ വൈസ് പ്രസിഡന്റാക്കിയ നടപടിയ്ക്ക് എതിരെ പ്രതിഷേധം ശക്തമാവുന്നു.
1997-98 കാലയളവില്‍ കുലശേഖരപുരത്ത് പാടശേഖര കമ്മിറ്റിയ്ക്ക് പവര്‍ ട്രില്ലറും, മെതിയന്ത്രവും വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കുലശേഖരപുരം ആറാം വാര്‍ഡ് മെംബറെ തല്‍സ്ഥാനത്ത് നിന്നും നിക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട് 1997,98,99 കാലയളവിലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും, തുടര്‍ന്ന് നടന്ന നിയമസഭാ പെറ്റീഷന്‍ സമിതിയിലും അഴിമതി നടന്നതായി സ്ഥിരീകരിയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാര്‍ഷികോപകരണങ്ങള്‍ മറിച്ചുവിറ്റതിലുടെ പഞ്ചായത്തിനുണ്ടായ നഷ്ട്ടം പലിശ സഹിതം ഈടാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതും അതിന്‍ പ്രകാരം പവര്‍ ടില്ലറും, മെതിയന്ത്രവും വാങ്ങുന്നതിന് കൈപ്പറ്റിയ തുകയ്ക്ക് 1998 മുതല്‍ 18 ശതമാനം പലിശ സഹിതം 21,0,8700 (ഇരുപത്തി ഒന്നു ലക്ഷത്തി എണ്ണായിരത്തി എഴുനൂറ് ) രൂപ മറ്റത്ത് രാജനില്‍ നിന്നും ഈടാക്കുവാന്‍ പഞ്ചായത്തു സമിതി തീരുമാനിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അഴിമതി മറച്ചുവെച്ചു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടതിനെതിരേ എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ ചന്ദ്രബാബു ഇലക്ഷന്‍ കമ്മീഷനിലും, വിജിലന്‍സിലും നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്. കുലശേഖരപുരം പഞ്ചായത്തിലെ തിരഞ്ഞെടുപ്പു ധാരണ പ്രകാരം വൈസ് പ്രസിഡന്റ് പദവി ആദ്യത്തെ രണ്ടര വര്‍ഷം സിപിഐയ്ക്കും, പിന്നീടുള്ള രണ്ടര വര്‍ഷം സിപിഎമ്മിനുമായി വിഭജിച്ചിരുന്നു.
സിപിഐ പ്രതിനിധി ഗേളിഷണ്‍മുഖന്‍ രാജിവെച്ച ഒഴിവിലാണ് മറ്റത്ത് രാജനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ഇതിനെതിരേ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്തുകോണ്‍ഗ്രസ് പോസ്റ്റര്‍ പതിച്ചിരിയ്ക്കുകയാണ്. അഴിമതിയില്‍ കൂടി ലക്ഷകണക്കിന് രൂപ നഷ്ട്ടം വരുത്തിയ ആളെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത നടപടിയ്‌ക്കെതിരേ കോടതിയെ സമീപിയ്ക്കുവാനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

RELATED STORIES

Share it
Top