അഴിമതി ആരോപണങ്ങളില്‍ പ്രതിയായ സജി ബഷീറിന് കേല്‍പാം എംഡിയായി നിയമനം

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുന്‍ സിഡ്‌കോ എംഡി സജി ബഷീറിനെ കേല്‍പാം എംഡിയായി സര്‍ക്കാര്‍ നിയമിച്ചു. തന്നെ സര്‍വീസില്‍ തിരികെ നിയമിക്കണമെന്ന സജി ബഷീറിന്റെ ഹരജിയില്‍ ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടിയെന്നു വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ടായിട്ടല്ലെന്നും കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സിഡ്‌കോയില്‍ എംഡിയായി സ്ഥിരനിയമനം ലഭിച്ച തനിക്ക് വീണ്ടും നിയമനം നല്‍കണമെന്ന ആവശ്യവുമായി സജി ബഷീര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ നീക്കം വ്യവസായ വകുപ്പ് എതിര്‍ത്തില്ല. നിയമന ഫയലുകള്‍ കാണാനില്ലെന്ന വിശദീകരണമാണ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയത്. ഇതോടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ സാഹചര്യമൊരുങ്ങിയത്. സിഡ്‌കോ എംഡിയായിരിക്കെ നടന്ന ക്രമക്കേടുകളില്‍ അഞ്ചു വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് സജി ബഷീര്‍. ഇതേത്തുടര്‍ന്ന്, സര്‍വീസില്‍ നിന്നു സര്‍ക്കാര്‍ സജി ബഷീറിനെ മാറ്റിനിര്‍ത്തിയിരുന്നു. വ്യവസായ വകുപ്പിന്റെ കീഴിലെ ഒരു സ്ഥാപനങ്ങളിലും സജി ബഷീറിനെ നിയമിക്കില്ലെന്നു മുന്‍ വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി നേരത്തേ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പോള്‍ ആന്റണി വ്യവസായ വകുപ്പ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് സജി ബഷീര്‍ സര്‍വീസിലേക്കു മടങ്ങിവരുന്നത്.

RELATED STORIES

Share it
Top