അഴിമതിയേക്കാള്‍ ഭീകരമാണ് ബിജെപിയുടെ വര്‍ഗീയത-പ്രകാശ് രാജ്

കാസര്‍കോട്: അഴിമതിയേക്കാള്‍ ഭീകരമാണ് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയമെന്നു സിനിമാ താരം പ്രകാശ് രാജ്. നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നാല്‍ മാത്രമേ ഭരണാധികാരിയെ തിരുത്താന്‍ സാധിക്കൂ. തങ്ങള്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയരാന്‍ പോലും ബിജെപി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മതത്തിന്റെ പിന്നില്‍ ഒളിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഭൂരിപക്ഷം കിട്ടാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബിനാമി സര്‍ക്കാരുകളെ വച്ച് ഇവര്‍ ഭരിക്കുന്നു.ബിജെപിയോട് തനിക്ക് വെറുപ്പില്ല. എന്നാല്‍, രാജ്യത്തെ ഏല്‍പ്പിച്ചുകൊടുക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല അത്. ഒരു പ്രത്യേക സമുദായത്തെ ഇവിടെ നിന്നും തുടച്ചുനീക്കണമെന്നും ഭരണഘടന പൊളിച്ചെഴുതണമെന്നുമുള്ള അവരുടെ നിലപാട് അത്യന്തം അപകടകരമാണ്.
വരുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ താന്‍ ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍ ബിജെപിക്കെതിരേ പ്രചാരണം നടത്തുകയും ചെയ്യും. ഇനിയുമൊരു ഗൗരി ലങ്കേഷ് സംഭവം ആവര്‍ത്തിക്കരുത്.പ്രകാശ്‌രാജ് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ സ്വന്തം കഴിവുകൊണ്ടു മാത്രമല്ല, സമൂഹത്തിന്റെ സ്‌നേഹം കൊണ്ടുകൂടിയാണ്. ആ സമൂഹത്തിന്റെ നിലനില്‍പ് അപകടത്തിലായതുകൊണ്ടാണ് ഞാനിപ്പോള്‍ ശബ്ദമുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  കാസര്‍കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top