അഴിമതിയുടെ കാര്യത്തില്‍ മോദിയും പിണറായിയും ഇരട്ട സഹോദരങ്ങള്‍: മുല്ലപ്പള്ളി

കൊച്ചി: അഴിമതിയെ പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇരട്ട സഹോദരന്മാരെ പോലെയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ എറണാകുളം മേനക ജങ്ഷനില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഫേല്‍ ഇടപാടിന് മോദി കുടപിടിച്ചതിനു തുല്യമാണ് സംസ്ഥാനത്ത് ബ്രൂവറി വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാടുകളെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. റഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
കരാര്‍ അനധികൃതമായി അംബാനിമാര്‍ക്ക് നല്‍കിയതു വഴി രാജ്യത്തിന്റെ കോടിക്കണക്കിനു രൂപയാണ് സ്വകാര്യ വ്യക്തികളിലെത്തിയത്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ അനില്‍ അംബാനിയുടെ കമ്പനിയെ രക്ഷപ്പെടുത്താന്‍ നടത്തിയ നീക്കങ്ങളാണ് റഫേല്‍ അഴിമതിയില്‍ കലാശിച്ചതെന്നും ഇതു ജനമധ്യത്തില്‍ തുറന്നു കാണിക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബ്രൂവറിയിലെ അഴിമതി തുറന്നുകാട്ടിയത് പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലാണ്. ബ്രൂവറി തുടങ്ങാനുള്ള അനുമതി റദ്ദാക്കിയതുകൊണ്ട് അഴിമതിയില്ലാതാവുന്നില്ല. കുറ്റക്കാരായവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ധനവില വര്‍ധനയ്‌ക്കെതിരേ ശക്തമായി സംസാരിച്ച പിണറായി വിജയന്‍ ഇപ്പോള്‍ മൗനത്തിലാണ്. മോദിയും പിണറായിയും അഴിമതിയുടെ കാര്യത്തില്‍ ഒരേ മനസ്സുള്ളവരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ വി ഡി സതീശന്‍, അന്‍വര്‍സാദത്ത്, ഹൈബി ഈഡന്‍, വി പി സജീന്ദ്രന്‍, റോജി എം ജോണ്‍, കോണ്‍ഗ്രസ് നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, വി ജെ പൗലോസ്, കെ പി ഹരിദാസ്, അജയ് തറയില്‍, ടി എച്ച് മുസ്തഫ, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, എം ഒ ജോണ്‍ സംസാരിച്ചു.

RELATED STORIES

Share it
Top