അഴിമതിക്കാരനായ മാണിയെ എല്‍ഡിഎഫിനു വേണ്ട ; സിപിഎം വിചാരിച്ചാല്‍ പുതിയ കക്ഷിയെ എടുക്കാനാവില്ല: കാനംകൊല്ലം: അഴിമതിക്കാരനായ മാണിയെ ഇടതുമുന്നണിയിലേക്ക് സ്വീകരിക്കേണ്ടതില്ലെന്നാണ് സിപിഐയുടെ അഭിപ്രായമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷം മാണിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും അഴിമതിക്കെതിരേ നിരന്തര പോരാട്ടത്തിലായിരുന്നു. അതിന്റെ ഉല്‍പന്നമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഭരണം മുന്നോട്ടുനീങ്ങുന്നത്. എല്‍ഡിഎഫില്‍ പുതുതായി ഒരു പാര്‍ട്ടിയെയും ഘടകകക്ഷിയാക്കാന്‍ ആലോചിച്ചിട്ടില്ല. മാണിയുടെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ഗതി എന്താണെങ്കിലും, ബാര്‍ കോഴക്കേസിനെ സംബന്ധിച്ച് സിപിഐ ഉന്നയിച്ച ആരോപണം വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കാനം  പറഞ്ഞു. എല്‍ഡിഎഫില്‍ പുതിയ കക്ഷികളെ ചേര്‍ക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടില്ല. സിപിഎം മാത്രം വിചാരിച്ചാല്‍ എല്‍ഡിഎഫില്‍ പുതുതായി ഒരു കക്ഷിയെ എടുക്കാനാവില്ല. അതിനു കൂട്ടായ തീരുമാനം വേണമെന്നും കാനം പറഞ്ഞു. സിപിഐ വിട്ടുമാറിയാലും ഭരണം സുരക്ഷിതമാക്കാനല്ലേ സിപിഎം മാണിയെ കൂടെക്കൂട്ടുന്നത് എന്ന ചോദ്യത്തിന്, താന്‍ പഠിച്ച ഗണിതത്തില്‍ ആറിനേക്കാള്‍ വലിയ സംഖ്യയാണ് 19 എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. മൂന്നാറിലെ കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കും. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144ാം വകുപ്പ് അനുസരിച്ചാണ് മൂന്നാറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. 144 പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയോടോ റവന്യൂമന്ത്രിയോടോ ചോദിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ കലക്ടര്‍ ഗവണ്‍മെന്റിന്റെ അനുമതി തേടിയിട്ടുണ്ടാകാം. ആഭ്യന്തരവകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ അവിടെ പോലിസുണ്ടാവില്ലല്ലോ. കൈയേറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഒഴിപ്പിക്കാനാവില്ലെന്നും അതിനു നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും കാനം പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയ നടപടിയില്‍ സ്വാഭാവിക നീതി നിഷേധിക്കുകയോ ചട്ടങ്ങള്‍ മറികടക്കുകയോ ഉണ്ടായിട്ടില്ല. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യമാണ്. 1982 മുതല്‍ വൈദ്യുതി ബോര്‍ഡ് പറയുന്ന കാര്യം മന്ത്രി എം എം മണി ആവര്‍ത്തിക്കുന്നു എന്നേയുള്ളൂവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top