അഴിത്തല അഴിമുഖത്ത് തോണി അപകടംരണ്ടുപേരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു

വടകര: അഴിത്തല അഴിമുഖത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട ചെറിയ വള്ളം അപകടത്തില്‍പ്പെട്ട് ഒരാളെ കാണാതാവുകയും രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പയ്യോളി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. അയനിക്കാട് ചാത്തമംഗലം കോളനി ആവിത്താരേമ്മല്‍ ഹമീദ്(60), ആവിത്താരേമ്മല്‍ അബ്ദുള്ളയുടെ മകന്‍ ആബിദ്(30) എന്നിവരെ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന ആവിത്താരേമ്മല്‍ ഹുസൈന്റെ മകന്‍ ഫായിസ്(24) നെയാണ് കാണാതായത്.
ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൂരാട് പുഴയുടെ ഭാഗത്ത് നിന്ന് ചെറുതോണിയില്‍ മല്‍സ്യബന്ധനത്തിന് ഇറങ്ങിയ ഇവര്‍ അഴിത്തല അഴിമുഖത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് മീന്‍ പിടിക്കാനായി അഴിമുഖത്ത് കടലിനോട് ചേര്‍ന്ന് ഭാഗത്ത് വലയിട്ടതോടെ വല കടലിലെ ശക്തമായ ഒഴുക്കില്‍ പെട്ട് ഒലിച്ച് പോയി. ഈ വല പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മൂന്ന് പേരും അപകടത്തില്‍ പെട്ടത്. ശക്തമായ അടിയൊഴുക്കില്‍ പെട്ടതോടെ തോണി മറിയുകയായിരുന്നു. തോണി മറിയുന്നത് കണ്ട കരയിലെ മറ്റു തൊഴിലാളികളും സാന്‍ഡ്ബാങ്ക്‌സിലെ ലൈഫ് ഗാര്‍ഡും ചേര്‍ന്നാണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്. അതിനിടെ ഒഴുക്കില്‍ പെട്ട് ഫായിസിനെ കാണാതായി.
ശക്തമായ അടിയൊഴുക്കുള്ള അഴിമുഖത്തെ തെരച്ചില്‍ ദുഷ്‌ക്കരമാണ്. എങ്കിലും സ്ഥിരമായി മല്‍സ്യബന്ധനത്തിന് പോകുന്നവരും ഫയര്‍ഫോഴ്‌സ്, റെസ്‌ക്യൂ എന്നിവര്‍ ചേര്‍ന്ന് ഫായിസിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നുണ്ട്. ഫായിസ് ഏതാനും ദിവസങ്ങളായി ഗള്‍ഫില്‍ നിന്നും ലീവിന് വന്നതാണ്. രക്ഷപ്പെടുത്തുന്നതിനിടെ പരിക്ക് പറ്റിയ ഹമീദ്, ആബിദ് എന്നിവരെ വടകര സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് സാരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പയ്യോളി പോലിസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും അതോടൊപ്പം മത്സ്യത്തൊഴിലാളികളും ഊര്‍ജ്ജിതമായ തിരച്ചിലില്‍ പങ്കെടുത്തു. ഫായിസിനെ കാണാത്ത സാഹചര്യത്തില്‍ ഇന്നും തെരച്ചില്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സംഭവ സ്ഥലത്ത് എംഎല്‍എമാരായ സികെ നാണു, കെ ദാസന്‍, തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, കോസ്റ്റല്‍ പോലിസ് സിഐ രാജേന്ദ്രന്‍, ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശനം നടത്തി.
അതേസമയം അപകടം നടന്ന സ്ഥലത്ത് ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ അഴിമുഖത്തുള്ള തെരച്ചില്‍ രാത്രിയോടെ നിര്‍ത്തിവെക്കേണ്ടി വന്നു. മറ്റു ഭാഗങ്ങളില്‍ മല്‍സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പയ്യോളി സിഐയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തെരച്ചില്‍ നടത്തുന്നതിനും മറ്റും ലൈറ്റ് സംവിധാനങ്ങള്‍ പ്രദേശത്ത് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top