അളവില്‍ കൃത്രിമം; പെട്രോള്‍ ബങ്കില്‍ ഇന്നലെയും സംഘര്‍ഷം

പന്നിയങ്കര: കണ്ണഞ്ചേരി ന്യൂ ജനതാ പെട്രോള്‍പമ്പില്‍ പെട്രോള്‍ അളവ് കുറച്ച് നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍  ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു. തിങ്കളാഴ്ച രാത്രി  എട്ടോടെ പയ്യാനക്കല്‍ സ്വദേശി ഫസല്‍ ഷംനാസ് 80 രൂപക്ക് കുപ്പിയില്‍ വാങ്ങിയ പെട്രോളിന് ഒരു ലിറ്ററിലും അളവ് കുറഞ്ഞതാണ് പ്രശ്‌നത്തിന്റെ തുടക്കം. സുഹൃത്തുക്കളും നാട്ടുകാരും പ്രതിഷേധത്തില്‍ ഒന്നിച്ചപ്പോള്‍ വാക്ക് തര്‍ക്കം രൂക്ഷമായി. ഇരുചക്ര വാഹനക്കാര്‍ കൂട്ടമായി രംഗം കയ്യടക്കി.
ഉടന്‍ തന്നെ കസബ സിഐ ആര്‍ ഹരിപ്രസാദും പന്നിയങ്കര പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പമ്പില്‍ നിന്ന് പിരിഞ്ഞു പോകില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചു നിന്നു. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ പരിശോധനക്ക് വരുമെന്ന ഉറപ്പ് പോലീസ് നല്‍കിയതനുസരിച്ചാണ് തിങ്കളാഴ്ച രാത്രി സംഘര്‍ഷത്തിന്ന് അയവുണ്ടായത്.
തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴും  നാട്ടുകാര്‍ വീണ്ടും കൂട്ടമായി പ്രതിഷേധിക്കുകയായിരുന്നു. പമ്പ് ഉടമയും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിക്ക് സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. പരാതിക്കാരുടെയും നാട്ടുകാരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ സ്റ്റാന്‍ഡേഡ് അളവുപാത്ര ഉപകരണത്തിലൂടെ നടത്തിയ പരിശോധനയില്‍  കേസെടുക്കാന്‍ തക്ക രീതിയിലുള്ള കുറവ് കാണുന്നില്ലെന്ന്  മെട്രോളജി അധികൃതര്‍ അറിയിച്ചു. 25 മില്ലിലിറ്റര്‍ വരെ  ഒരു ലിറ്ററില്‍ കുറവ് വന്നാല്‍ കേസെടുക്കാന്‍ വകുപ്പില്ല. വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തി സ്ഥാപിക്കുന്ന പമ്പിലെ മെഷീനുകളില്‍ 5 ലിറ്റര്‍ കുറവില്‍ അടിക്കുന്ന പെട്രോളില്‍ ഇത്തരം ചെറിയ അളവിലുള്ള  കുറവും അധിക അളവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ലീഗല്‍ വകുപ്പിന്റെ വിശദീകരണം. ഏറെനേരം നാട്ടുകാരുടെ പ്രതിഷേധം തുടര്‍ന്നു. ഗതാഗത സ്തംഭനവും ഉണ്ടായി. പന്നിയങ്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ഭാസ്‌കരന്‍, എഎസ്‌ഐ വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
സംഘര്‍ഷസാധ്യതയുണ്ടായ നിലക്ക് രണ്ടുദിവസം കൂടി പമ്പില്‍ പോലീസ് കാവല്‍ തുടരും. ഉച്ചയ്ക്കുശേഷം 3.30. ഓടെ അളവ് തൂക്ക ഉപകരണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ധന വിതരണം പുനരാരംഭിച്ചു.  ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ് ഡി സുഷമന്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് മാരായ  ടി മജീദ്, വി എന്‍ സന്തോഷ് കുമാര്‍, പി പി.ഷാജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top