അല്‍ജീരിയന്‍ വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചു

അല്‍ജിയേഴ്‌സ്: അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫാരിക് സൈനിക വിമാനത്താവളത്തില്‍ നിന്നു ബുധനാഴ്ച രാവിലെ പറന്നുയര്‍ന്ന വിമാനം അല്‍പ്പസമയത്തിനകം തകര്‍ന്നുവീഴുകയായിരുന്നു.
മരിച്ചവരെല്ലാം സൈനികരും  കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. സംഭവത്തില്‍ അല്‍ജീരിയന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. അല്‍ജീരിയന്‍ സൈനിക മേധാവി സംഭവസ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തില്‍ സൈനിക നേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടു. അപകടസ്ഥലത്തു നിന്നു പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വിമാനത്താവളത്തിനടുത്ത കൃഷിയിടത്തില്‍ തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. അല്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്.  പടിഞ്ഞാറന്‍ സഹാറയ്ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അല്‍ജീരിയയുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുന്ന 26 പോളിസാരിയോ ഫ്രന്റ് പ്രവര്‍ത്തകരും അപകടത്തില്‍ കൊല്ലപ്പെട്ടതായി ബിബിസി റിപോര്‍ട്ട് ചെയ്തു.സംഭവസ്ഥലത്ത് ഒട്ടേറെ ആംബുലന്‍സുകള്‍ പാഞ്ഞെത്തിയതായും പരിക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top