അല്‍ഖോറിലും ശമാലിലും മന്ത്രാലയത്തിന്റെ മിന്നല്‍ പരിശോധന

ദോഹ: അല്‍ഖോര്‍, ശമാല്‍ പട്ടണങ്ങളിലെ കടകളില്‍ വാണിജ്യ മന്ത്രാലയം നടത്തിയ മിന്നല്‍ പരിശോധനയില്‍ 42 നിയമലംഘനങ്ങള്‍ പിടികൂടി. അല്‍ഖോറില്‍ മല്‍സ്യവും മീന്‍പിടിത്ത ഉപകരണങ്ങളും വില്‍ക്കുന്ന കടകളിലും റെസ്റ്റോറന്റുകളിലും ഇലക്ട്രിക്കല്‍ ഷോപ്പുകളിലും നടത്തിയ പരിശോധനയില്‍ 32 നിയമലംഘനങ്ങള്‍ കണ്ടെത്തി. ചരക്ക് സേവന വില പ്രഖ്യാപിക്കാതിരിക്കുക, നിശ്ചിത വിലയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തുക, വില വിവരങ്ങള്‍ അറബിയില്‍ രേഖപ്പെടുത്താതിരിക്കുക, ബില്ല് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പിടിക്കപ്പെട്ടത്.
ശമാലിലെ കംപ്യൂട്ടര്‍, ഇലക്ട്രിക് ഷോപ്പുകളിലും റസ്റ്റോറന്റുകളിലും മല്‍സ്യം, മീന്‍പിടിത്ത ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും നടത്തിയ പരിശോധനയില്‍ പത്ത് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008ലെ എട്ടാം നമ്പര്‍ നിയമമനുസരിച്ചാണ് കടകള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കടകള്‍ അടച്ചുപൂട്ടുന്നതിനും മൂവായിരം മുതല്‍ പത്ത് ലക്ഷം റിയാല്‍ വരെ പിഴ നല്‍കേണ്ടിയും വരുന്ന വകുപ്പാണിതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

RELATED STORIES

Share it
Top