അലൈന്‍മെന്റ് മാറ്റം: പിന്നില്‍ എംപിയും എംഎല്‍എയും

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയിലൂടെ കടന്നുപോവുന്ന നിര്‍ദിഷ്ട ദേശീയപാത ബൈപാസിന്റെ അലൈന്‍മെന്റ് വ്യവസായികള്‍ക്കു വേണ്ടി ദലിത് കോളനിയിലൂടെ വഴിതിരിച്ചത് ഒരു എംഎല്‍എയും എംപിയും. ദേശീയപാത അതോറിറ്റിയുടെ പ്രൊജക്റ്റ് ഡയറക്ടര്‍ നിര്‍മല്‍ എം സാദെ കഴിഞ്ഞ 17ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിഐപി സാന്നിധ്യം വെളിപ്പെടുത്തിയത്. എന്നാല്‍, ഇരുവരുടെയും പേര് സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നില്ല.
പുതിയ ഭഗവതി ക്ഷേത്ര പരിപാലനസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു സത്യവാങ്മൂലം. പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ഒരു പട്ടികജാതി കോളനിയാണ് തുരുത്തി. നീര്‍ത്തട-കണ്ടല്‍ പാരിസ്ഥിതിക ആവാസവ്യവസ്ഥയോടു ചേര്‍ന്ന് ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരിടം. തുരുത്തിയിലെ 30ഓളം ദലിത് കുടുംബങ്ങളെ പൂര്‍ണമായും കുടിയിറക്കുന്ന വിധത്തിലാണ് ദേശീയപാത അതോറിറ്റി പുറത്തുവിട്ട മൂന്നാമത്തെ അലൈന്‍മെന്റ്.
ഒന്നും രണ്ടും അലൈന്‍മെന്റുകള്‍ വളവുകളില്ലാത്തതും ഏതെങ്കിലും ഒരുവിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നു. എന്നാല്‍, 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ് മൂന്നാമത്തെ അലൈന്‍മെന്റ്.
വേളാപുരം മുതല്‍ തുരുത്തി വരെ 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂര്‍ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈന്‍മെന്റ് മാറ്റി. 2016ല്‍ പുറത്തുവന്ന പ്രസ്തുത അലൈന്‍മെന്റ് നോട്ടിഫിക്കേഷന്‍ പ്രകാരം ഈ കുടുംബങ്ങളില്‍ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതിനല്‍കി. എന്നാല്‍, യാതൊരുതരത്തിലുള്ള അനുകൂല പ്രതികരണവും അതോറിറ്റിയില്‍ നിന്ന് ഉണ്ടായില്ല. പഞ്ചായത്ത് അധികൃതര്‍, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങള്‍ പരാതിയുമായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് തുരുത്തി നിവാസികള്‍ കര്‍മസമിതിക്ക് രൂപം നല്‍കി പ്രക്ഷോഭത്തിലിറങ്ങിയത്. രണ്ടുമാസത്തിലധികമായി പ്രദേശത്തെ ജനങ്ങള്‍ സമരരംഗത്താണ്.
ആദ്യ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതിനു പിന്നില്‍ വിഐപി ഇടപെടലുണ്ടായതായി നേരത്തേ ദേശീയപാത അതോറിറ്റി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരു എംഎല്‍എയും എംപിയുമാണ് ആ വിഐപികളെന്നു വെളിപ്പെടുത്തിയത്.
ഇ പി ജയരാജന്റെ മകന്റെ ബിസിനസ് പങ്കാളികളുടെ ഉടമസ്ഥതയിലുള്ള രണ്ടു വ്യവസായസ്ഥാപനങ്ങളെ സംരക്ഷിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്നാണ് സമരസമിതിയുടെ ആരോപണം.

RELATED STORIES

Share it
Top