അലൈന്‍മെന്റിന് പഞ്ചായത്ത് അംഗീകാരം നല്‍കിയെന്ന പ്രചാരണം തെറ്റ്

തിരൂരങ്ങാടി:  ദേശീയപാത വികസനത്തിനായി തയ്യാറാക്കിയ അലൈന്‍മെന്റിന് മൂന്നിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി എന്നുള്ള പ്രചാരണം വസ്തുതയ്ക്ക് നിരയ്ക്കാത്തതാണെന്ന് മൂന്നിയൂര്‍ പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് ഒരു അലൈന്‍മെന്റിനും അംഗീകാരം നല്‍കിയിട്ടില്ല.
17ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വേക്ക് മുമ്പായി പഞ്ചായത്ത് തലത്തില്‍ ഇരകളെ വിളിച്ചുകൂട്ടി ഡെപ്യൂട്ടി കലക്ടര്‍ അലൈന്‍മെന്റിനെ കുറിച്ചും നഷ്ടപരിഹാരത്തെ കുറിച്ചും വ്യക്തമായ ധാരണ ഇരകള്‍ക്ക് നല്‍കണമെന്ന ആശയം മുന്നോട്ടു വെച്ചത് ജനപ്രതിനിധികളാണ്.
അതിന്റെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്തില്‍ ഏപ്രില്‍ 10 ന് യോഗം നടക്കുന്നുമെന്നാണ് അറിയുന്നത്. വീടും സ്ഥലവും നഷ്ട്ടപ്പെടുന്ന ഇരകളുടെ കൂടെ നിന്ന് അവര്‍ക്ക് പരമാവധി നഷ്ട്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായത് ചെയ്യുമെന്നും എംഎല്‍എയും ഉറപ്പു നല്‍കിയിട്ടുണ്ട്.
ഭൂമിയും സ്ഥാപനങ്ങളും നഷ്ട്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില കണക്കാക്കി അത് മുന്‍കൂറായി ലഭിക്കണമെന്ന്  ആവശ്യപ്പെട്ട് പി അബ്ദുല്‍ ഹമീദ് എംഎല്‍എ യുടെ സാന്നിധ്യത്തില്‍ കലക്ടറുടെ വസതിയിലെത്തി നിവേദനം നല്‍കിയതായി മൂന്നിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ഷരീഫയും വൈസ് പ്രസിഡണ്ട് എന്‍ എം അന്‍വര്‍ സാദത്തും  സ്ഥിരം സമിതി ചെയര്‍മാന്‍ എം എ അസീസും അറിയിച്ചു.

RELATED STORIES

Share it
Top