അലിസ്റ്റര്‍ കുക്ക് തകര്‍ത്തെറിഞ്ഞത് ആസ്‌ത്രേലിയയുടെ വൈറ്റ്‌വാഷ് സ്വപ്നത്തെ


മെല്‍ബണ്‍: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് അപരാജിത ഡബിള്‍ സെഞ്ച്വറിയോടെ(244*) കളം നിറഞ്ഞപ്പോള്‍  ഓസീസിനെതിരേ ഇംഗ്ലണ്ട് മികച്ച നിലയില്‍. ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 491 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ 327 റണ്‍സെടുത്ത് പുറത്തായിരുന്നു. ഡബിള്‍ സെഞ്ച്വറിനേടിയ കുക്കിനൊപ്പം ജയിംസ് ആന്‍ഡേഴ്‌സനാണ് ക്രീസില്‍. നിലവില്‍ ഇംഗ്ലണ്ടിന് 164 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡുണ്ട്. മൂന്നാം ദിനമായ ഇന്നലെ രണ്ട് വിക്കറ്റിന് 192 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് രണ്ടാം ദിനത്തില്‍ മികച്ച രീതിയില്‍ ബാറ്റുവീശിയിരുന്ന കുക്കും നായകന്‍ ജോ റൂട്ടും(61) ചേര്‍ന്ന്  വീണ്ടും മികവ് അവര്‍ത്തിച്ചു. പക്ഷേ സ്‌കോര്‍ 218 ല്‍ എത്തിയപ്പോഴേക്കും നായകന്‍ ജോ റൂട്ടിനെ ലിയോണിന്റെ കൈകളിലെത്തിച്ച് പാറ്റ് കുമ്മിന്‍സ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് വന്ന ഡേവിഡ് മലാന് (14) മുന്‍ നായകന് മികച്ച പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. മലാനെ ഹെയ്‌സല്‍വുഡ് എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ജോണി ബെയര്‍‌സ്റ്റോയും (22) മോയിന്‍ അലിയും (20) ക്രിസ് വോക്‌സും(26) കുക്കിന് പിന്തുണയുമായി ക്രീസില്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും അവരുടെ പിന്തുണയ്ക്ക് അധികം അയുസ്സ് ഉണ്ടായിരുന്നില്ല. ബെയര്‍‌സ്റ്റോയെയും മൊയീന്‍ അലിയെയും ലിയോണ്‍ മടക്കിയപ്പോള്‍ വോക്‌സിനെ കുമ്മിന്‍സും പറഞ്ഞയച്ചു. ടോം കുറാന്‍(4) വന്ന പാടെ മടങ്ങി. പിന്നീട് വന്ന വാലറ്റക്കാരന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്(56)കുക്കിന് മികച്ച പിന്തുണ നല്‍കിയതോടെ കുക്കിന്റെ ഇരട്ട സെഞ്ച്വറിയും പിറന്നു. ശേഷം, അര്‍ധ സെഞ്ച്വറി കുറിച്ച ബ്രോഡിനെ കുമ്മിന്‍സ് ഖവാജയുടെ കൈകളിലെത്തിച്ചു. ജോഷ് ഹെയ്‌സല്‍വുഡും നഥാന്‍ ലിയോണും പാറ്റ് കുമ്മിന്‍സും ആസ്‌ത്രേലിയയ്ക്ക് വേണ്ടി മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

RELATED STORIES

Share it
Top