അലിഗഡ് വിദ്യാര്‍ഥി നേതാക്കള്‍ റിലേ നിരാഹാരം തുടങ്ങി

അലിഗഡ്: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ഛായാപടത്തെ ചൊല്ലി കാംപസില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി. എന്നാല്‍, ശനിയാഴ്ച തുടങ്ങിയ വാര്‍ഷിക പ്രവേശന പരീക്ഷകള്‍ തടസ്സപ്പെടുത്തില്ലെന്നു പ്രക്ഷോഭകര്‍ അറിയിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരാവുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിനു സര്‍വകലാശാലയുടെ പ്രധാന പ്രവേശനകവാടം പ്രക്ഷോഭകര്‍ തുറന്നു. കഴിഞ്ഞ 11 ദിവസമായി ഈ കവാടം അടച്ചിട്ടിരിക്കുകയായിരുന്നു.
അക്രമം നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നേരത്തേ നിരവധി വിദ്യാര്‍ഥികള്‍ അനിശ്ചിതകാല ധര്‍ണ നടത്തിയിരുന്നു. മെയ് രണ്ടിനാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്. സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനെത്തിയ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് എഎംയു മുന്‍ വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ (റിട്ട) സമിറുദ്ദീന്‍ ഷാ ആരോപിച്ചു.
അതേസമയം, ഹിന്ദുത്വരുടെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ അഭിനന്ദിച്ച മസ്ഹറുല്‍ ഖമറെന്ന യൂനിവേഴ്‌സിറ്റി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കായികാധ്യാപകനും ഗെയിംസ് കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. ഹിന്ദു യുവവാഹിനിയുടെ ആക്രമണങ്ങള്‍ക്കു ശേഷം അതിക്രമങ്ങള്‍ക്ക് അറസ്റ്റിലായ അമിത് ഗോസ്വാമിയെ ഡിഎസ് കോളജിലെത്തി അഭിനന്ദിച്ചതിനാണ് ഖമര്‍ നടപടി നേരിട്ടത്.

RELATED STORIES

Share it
Top