അലിഗഡ് ഏറ്റുമുട്ടല്‍പോലിസ് ഭാഷ്യം ചോദ്യംചെയ്ത് വസ്തുതാന്വേഷണ റിപോര്‍ട്ട്

ന്യൂഡല്‍ഹി: അലിഗഡിലെ ഹാര്‍ദുവാ ഗഞ്ചില്‍ രണ്ടു യുവാക്കളെ കാമറയ്ക്കു മുന്നില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തിലെ പോലിസ് ഭാഷ്യത്തെ ചോദ്യംചെയ്തു വസ്തുതാന്വേഷണ സംഘം. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്രിമിനലുകളെന്ന പേരില്‍ മുസ്തഖീം, നൗഷാദ് എന്നീ യുവാക്കളെയാണ് കൊലപ്പെടുത്തിയത്. ഇരുവരും തലയ്ക്ക് 25,000 രൂപ വിലയിട്ടവരായിരുന്നുവെന്നും പോലിസ് പറയുന്നു. എന്നാല്‍ പോലിസ് ഭാഷ്യം വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ലെന്ന് യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്‌സ് നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊല്ലപ്പെട്ട രണ്ടു യുവാക്കളും അടുത്തുള്ള കടയില്‍ ജോലിചെയ്യുന്നവരാണ്. മുസ്തഖീം തുണിക്കടയിലാണ് ജോലിചെയ്യുന്നത്. നൗഷാദും മുസ്തഖീമിന്റെ സഹോദരന്‍ സല്‍മാനും ജോലിചെയ്യുന്നത് മറ്റൊരു തുണിക്കമ്പനിയിലാണ്. മൂന്നുപേരെയും ഈ മാസം 16ന് വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ വരുന്നതിനിടെ പോലിസ് പിടിച്ചുകൊണ്ടുപോയി. സാധു രാംദാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണെന്ന് പറഞ്ഞായിരുന്നു പിടിച്ചുകൊണ്ടുപോയത്. വഴിയില്‍ അവരെ മര്‍ദിക്കുകയും ചെയ്തു.
ഒരുദിവസത്തിന് ശേഷം മുസ്തഖീമും നൗഷാദും രക്ഷപ്പെട്ടതായി പോലിസ് കുടുംബങ്ങളെ അറിയിച്ചു.
നാലുദിവസത്തിനു ശേഷം രണ്ടുപേര്‍ക്കും പരിക്കേറ്റതായും അവരെ മല്‍ക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായും പോലിസ് അറിയിച്ചു. അവിടെ ചെന്ന് കാണണമെന്ന് പറഞ്ഞ പോലിസ് കുടുംബത്തിന് വണ്ടിക്കൂലിയും നല്‍കി. അവിടെയെത്തിയപ്പോള്‍ രണ്ടുപേരുടെയും മൃതദേഹമാണ് കണ്ടത്.
പോലിസ് അവിടെ വച്ച് കുടുംബാംഗങ്ങളുടെ വിരലടയാളം വെള്ള പേപ്പറില്‍ പതിപ്പിക്കുകയും മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തു. രണ്ടുപേരുടെയും എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും കൊണ്ടുപോയി. മയ്യിത്ത് നമസ്‌കാരംപോലുമില്ലാതെയാണ് മൃതദേഹങ്ങള്‍ മറവുചെയ്തത്. എഫ്‌ഐആര്‍ കോപ്പിയോ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടോ കുടുംബത്തിന് കിട്ടിയില്ല. രണ്ടു യുവാക്കളും ക്രിമിനലുകളായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.
മാധ്യമങ്ങള്‍ പുറത്തുവിട്ട ഫൂട്ടേജില്‍ പോലിസ് വെടിവയ്ക്കുന്നതേയുള്ളൂ. തിരിച്ച് വെടിവയ്ക്കുന്നില്ലെന്നും വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടി. അഡ്വ. സന്തോഷ് ഹെഗ്‌ഡെ, ഫുസൈല്‍ അയ്യൂബി, കിരണ്‍ ഷഹീന്‍, പ്രശാന്ത് ടോണ്ടന്‍, നദീം ഖാന്‍, മഷ്‌കൂര്‍ അഹമ്മദ് ഉസ്മാനി, ഫായിസുല്‍ ഹസന്‍, ഉമര്‍ ഖാലിദ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.RELATED STORIES

Share it
Top