അലിഗഡിലെ സംഘര്‍ഷംഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ ഇന്റര്‍നെറ്റ് ബന്ധം രണ്ട് ദിവസത്തേക്ക് വിച്ഛേദിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇന്നും നാളെയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനാണ് ഉത്തരവ്. മുഹമ്മദലി ജിന്നയുടെ ഫോട്ടോ സര്‍വകലാശാലാ യൂനിയന്‍ ഹാളില്‍ നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടി. അഞ്ച് ബറ്റാലിയന്‍ ആര്‍പിഎഫുകാരെ സര്‍വകലാശാലയ്ക്ക് ചുറ്റുമായി വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ക്ലാസുകള്‍ ബഹിഷ്‌കരിച്ചിരുന്നു.
അഞ്ചുദിവസത്തേക്ക് ക്ലാസില്‍ കയറേണ്ടെന്നാണ് വിദ്യാര്‍ഥി യൂനിയന്റെ തീരുമാനം. ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ബുധനാഴ്ച കാംപസിലേക്ക് എത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. പുറത്തുനിന്നെത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുനേരെ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ സ്ഥിതി വഷളായി. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ പോലിസുകാരടക്കം 41 പേര്‍ക്ക് പരിക്കേറ്റു. ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ ചോദ്യം ചെയ്ത് അലിഗഡ് എംപിയും ബിജെപി അംഗവുമായ സതീഷ് ഗൗതം സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് കത്തെഴുതിയതോടെയാണ് വിഷയം ഉയര്‍ന്നുവന്നത്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് കാംപസിലെത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ പ്രതിഷേധം. അന്‍സാരിയെ ആക്രമിക്കാനാണ് ഹിന്ദു യുവവാഹിനി പദ്ധതിയിട്ടതെന്നും അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നും വിദ്യാര്‍ഥി യൂനിയന്‍ ആരോപിച്ചു. സര്‍വകലാശാല സ്ഥാപകരിലൊരാളാണ് ജിന്നയെന്നും അതുകൊണ്ട് ചിത്രം എടുത്തു മാറ്റേണ്ടതില്ലെന്നുമാണ് സര്‍വകലാശാലയുടേയും വിദ്യാര്‍ഥി യൂനിയന്റെയും നിലപാട്.

RELATED STORIES

Share it
Top