അലഹബാദ് ഇനി പ്രയാഗ്‌രാജ്‌

ലഖ്‌നോ: അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റാനുള്ള തീരുമാനത്തിന് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെയാണു തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നഗരത്തിന്റെ പേരു മാറ്റിയതായി മന്ത്രി സിദ്ധാര്‍ഥ്‌നാഥ് സിങാണ് പ്രഖ്യാപിച്ചത്. അലഹബാദിനു പകരം പ്രയാഗ്‌രാജ് എന്ന പേര് ഉപയോഗിക്കണമെന്ന് റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സന്ന്യാസിമാരുടെ സംഘടനയായ അഖില ഭാരതീയ അഖാറാ പരിഷത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പേര് മാറ്റിയത്.
ജനുവരിയില്‍ നടക്കുന്ന കുംഭമേളയ്ക്കു മുമ്പുതന്നെ പേരുമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം അലഹബാദ് സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. പേരു മാറ്റുകയല്ല, 500 വര്‍ഷം പഴക്കമുള്ള പഴയ പേര് പുനസ്ഥാപിക്കുകയാണു ചെയ്തതെന്ന് ഇതുസംബന്ധിച്ച് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
യോഗി അധികാരത്തിലെത്തിയശേഷം പേര് മാറ്റുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തേ മുഗള്‍ സരായി ജങ്ഷന്റെ പേര് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന്‍ എന്നും മുഗള്‍ സരായ് നഗറിന്റെ പേര് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍ എന്നുമാക്കി മാറ്റിയിരുന്നു.

RELATED STORIES

Share it
Top