അലഹബാദിന്റെ പേരു മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നഗരമായ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റാനുള്ള യോഗി സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷവും വിദ്യാഭ്യാസപ്രവര്‍ത്തകരും. ഇന്ത്യയുടെ ചരിത്രവുമായാണ് അലഹബാദ് എന്ന പേര് ബന്ധപ്പെട്ടു കിടക്കുന്നതെന്നും അതുമായാണ് യോഗി ആദിത്യനാഥ് കളിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ഓംകാര്‍നാഥ് സിങ് പറഞ്ഞു. ഇതിനകം തന്നെ പ്രയാഗ് എന്നു പേരുള്ള പ്രദേശമുണ്ട്. അതിനാല്‍ പുതുതായി ചരിത്രപ്രാധാന്യമുള്ള ഒരു നഗരത്തിന്റെ പേര് മാറ്റേണ്ടതില്ല. പേരുമാറ്റം രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെ പേരു മാറ്റി അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ് യോഗി ആദിത്യനാഥെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ഈ സ്ഥലം അലഹബാദ് എന്ന പേരിലാണ് ലോകം അറിയുന്നത്. അതു മാറ്റുന്നതോടെ സ്ഥലത്തിന്റെ പ്രാധാന്യവും സ്വത്വവും നഷ്ടമാവുമെന്നും അലഹബാദിലെ സമാജ്‌വാദി പാ ര്‍ട്ടി എം പി നാഗേന്ദ്രസിങ് പട്ടേ ല്‍ പറഞ്ഞു. സംസ്ഥാനത്തെ ഗൗരവമുള്ള ധാരാളം പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാനാണ് നഗരത്തിന്റെ പേരുമാറ്റലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഗംഗാ ശുദ്ധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ ര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഗംഗാ ശുദ്ധീകരണത്തിനായി നിരാഹാരമനുഷ്ഠിച്ച സന്ന്യാസി മരിച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയുടെയും നഗരത്തിന്റെയും മുഴുവന്‍ പേരും മാറ്റുന്നതിനോട് യോജിക്കാനാവില്ലെന്ന് അലഹബാദ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജാനക് പാണ്ഡ്യേ പറഞ്ഞു. ഗംഗയും യമുനയും സംഗമിക്കുന്ന അലഹബാദിലെ സംഗമപ്രദേശത്തെയാണ് പ്രയാഗ് എന്നു മാറ്റുന്നതെങ്കില്‍ സ്വീകാര്യമാണ്. അലഹബാദ് ഹൈക്കോടതി, അലഹബാദ് സര്‍വകലാശാല തുടങ്ങിയ ജില്ലയിലെ പല പ്രധാന സ്ഥാപനങ്ങളും ഈ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 16ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് അക്ബര്‍ ഗംഗാ-യമുനാ സംഗമസ്ഥാനത്ത് കോട്ട പണിതതോടെ അതിന് ഇലഹബാദ് എന്ന് പേരിടുകയായിരുന്നെന്നാണ് നഗരത്തിന്റെ പേരിനെക്കുറിച്ചുള്ള ഒരു ചരിത്രം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് പിന്നീട് അലഹബാദ് എന്നു പേരു മാറ്റിയത്.

RELATED STORIES

Share it
Top