അറുപറയില്‍ നിന്ന് കാണാതായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നുകോട്ടയം: അറുപറയില്‍ നിന്നു കാണാതായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്നലെ കവണാറ്റിന്‍കര, ചെങ്ങളം, വെമ്പള്ളി ഭാഗങ്ങളിലായിരുന്നു ഡിഡാക്ക് സംഘവും പോലിസും ചേര്‍ന്ന് പരിശോധന നടത്തി. വെമ്പള്ളിയില്‍ എംസി റോഡിനോടു ചേര്‍ന്ന പാറക്കുളത്തിലാണ് സംഘം പരിശോധിച്ചത്. ചെങ്ങളത്ത് മീനച്ചിലാറ്റിലും കവണാറ്റിന്‍കരയില്‍ കവണാറിലുമായിരുന്നു തിരച്ചില്‍. കാര്‍ മുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള ജില്ലയിലെ വിവിധ ജലാശയങ്ങള്‍ പോലിസ് കണ്ടെത്തിയിരുന്നു. ഈ സംശയമുള്ള ഈ ഭാഗങ്ങളിലാണു പരിശോധന. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. നേരത്തെ മീനച്ചിലാറിന്റെ താഴത്തങ്ങാടി ഭാഗങ്ങളില്‍ നേവി സംഘം തിരച്ചില്‍ നടത്തിയലതിനാല്‍ തല്‍ക്കാലം ഈ ഭാഗങ്ങളില്‍ പരിശോധന നടത്തേണ്ടതില്ലെന്നാണു തീരുമാനം.അത്യാധുനിക കാമറ അടക്കം വിവിധ നിരീക്ഷണ സംവിധാനങ്ങളുള്ള റിമോട്ട്‌ലി ഓപറേറ്റഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ ഉപയോഗിച്ചാണു തിരച്ചില്‍. ആദ്യ ദിവസം കുമരകം കൈപ്പുഴമുട്ട് പാലത്തിനു സമീപം പുഴയുടെ അടിത്തട്ട് പരിശോധിച്ചു. വാഹനം നിയന്ത്രണം വിട്ട് ജലത്തില്‍ പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നേരത്തെ ജില്ലാ പോലിസ് തയ്യാറാക്കിയിരുന്നു. ഇങ്ങനെ കണ്ടെത്തിയിരിക്കുന്ന 15ഓളം സ്ഥലങ്ങളിലാവും ഈ ഉപകരണത്തിന്റെ സഹായത്തോടെ വാഹനം അടിത്തട്ടില്‍ മുങ്ങിക്കിടപ്പുണ്ടോയെന്ന് തിരയുക. അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രില്‍ ആറിനാണ് കാണാതായത്. രാത്രി ഭഷണം വാങ്ങാനായി കാറില്‍ പുറത്തുപോയ ഇവരെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലിസ് അന്വേഷണം നടത്തിവരികയാണെങ്കിലും രണ്ടു മാസത്തിനു ശേഷവും വിവരമൊന്നുമില്ല. നിലവില്‍ രണ്ടു സംഘങ്ങള്‍ തമിഴ്‌നാട്ടിലും ഒരുസംഘം തെലുങ്കാനയിലും തിരച്ചില്‍ നടത്തിവരികയാണ്. ഇവരെ കാണാതായശേഷം ഇവര്‍ പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും മലനിരകളിലും ജില്ലയിലെ വനമേഖലകളിലും തിരച്ചില്‍ നടത്തിയിരുന്നു. നേരത്തെ ഫയര്‍ഫോഴ്‌സും പോലിസും മീനച്ചിലാറ്റിലെ താഴത്തങ്ങാടിയിലും 15ല്‍ കടവ് ഭാഗത്തും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള നേവി സംഘവും ജലാശയങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, സൂചനയൊന്നും ലഭിച്ചിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. തിരച്ചില്‍ കാണാന്‍ വന്‍ ജനക്കൂട്ടവും ഇവിടെ തടിച്ചുകൂടിയിരുന്നു.

RELATED STORIES

Share it
Top