അറസ്റ്റ് നീണ്ടത് പഴുതടച്ച കുറ്റപത്രം തയ്യാറാക്കാന്‍: എ കെ ബാലന്‍

തിരുവനന്തപുരം/കോഴിക്കോട്: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് നീണ്ടത് ശാസ്ത്രീയ അന്വേഷണത്തിലൂടെ പഴുതടച്ച കുറ്റപത്രം തയ്യാറാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് മന്ത്രി എ കെ ബാലന്‍. നിയമപരമായി സര്‍ക്കാര്‍ ചെയ്തത് പൂര്‍ണമായും ശരിയാണ്. പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള കുറ്റപത്രമാണ് പോലിസ് സമര്‍പ്പിച്ചത്. പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. അറസ്റ്റ് നീണ്ടുപോയതില്‍ സാധാരണക്കാര്‍ക്ക് സംശയമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, നിയമപരിജ്ഞാനമുള്ള ഏതൊരാള്‍ക്കും സര്‍ക്കാര്‍ നടപടിയാണ് ശരിയെന്നു മനസ്സിലാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
കന്യാസ്ത്രീകള്‍ നടത്തിയ സമരം കേരള സമൂഹത്തില്‍ സ്ഥായിയായ മാറ്റമുണ്ടാക്കുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേരളം മുമ്പു കണ്ടിട്ടുള്ള കാഴ്ചയല്ലിത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ഇടതുമുന്നണി സര്‍ക്കാര്‍ അതിശക്തമായി നേരിടുമെന്ന സന്ദേശമാണ് ഈ അറസ്റ്റും നല്‍കുന്നതെന്നും എം എ ബേബി പറഞ്ഞു. അതേസമയം, കന്യാസ്ത്രീകളുെട സമരത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സംസാരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു എം എ ബേബി സ്വീകരിച്ചിരുന്നത്. കോടിയേരി പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നായിരുന്നു എം എ ബേബിയുടെ ഇതുസംബന്ധിച്ച പ്രതികരണം. ബിഷപ്പിനെതിരേയുള്ള കേസില്‍ സര്‍ക്കാരും പാര്‍ട്ടിയും കോടിയേരിയും ന്യായത്തിനൊപ്പമാണെന്ന് മന്ത്രി കെ ടി ജലീല്‍. ധൃതിപിടിച്ച് എന്തുചെയ്താലും കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടില്ല. തെറ്റ് ഏതു മതവിഭാഗത്തില്‍പ്പെട്ടവര്‍ ചെയ്താലും നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും മന്ത്രി പ്രതികരിച്ചു.
നീതിക്കായി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ പോലിസ് നിര്‍ബന്ധിതരായത് ജനങ്ങളുടെ വിജയമാണെന്ന് വി എം സുധീരന്‍ പറഞ്ഞു. നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചുവരുന്ന ഭരണകൂടങ്ങള്‍ക്ക് ഒരു താക്കീതാണ് ഈ സമരം. ഇത് ധാര്‍മികതയുടെ വിജയംകൂടിയാണെന്നും സുധീരന്‍ പറഞ്ഞു.

RELATED STORIES

Share it
Top