അറസ്റ്റ് തടയണമെന്ന എഡിജിപിയുടെ മകളുടെ ആവശ്യം തള്ളി

കൊച്ചി: പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരേ എടുത്ത കേസില്‍ അറസ്റ്റ് തടയണമെന്ന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ കുമാറിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എഡിജിപിയുടെ മകള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമുണ്ടോയെന്ന് വാക്കാല്‍ ചോദിച്ച സിംഗിള്‍ ബെഞ്ച്, അവര്‍ക്ക് സാധാരണ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ തന്നെയാണുള്ളതെന്നും പറഞ്ഞു.
ഗവാസ്‌കറുടെ പരാതിയില്‍ തനിക്കെതിരേ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ കുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. തന്റെ മര്‍ദനത്തില്‍ പരിക്കേറ്റെന്ന് പറയുന്ന ഗവാസ്‌കറെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ടും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാരി ആവശ്യപ്പെട്ടു.
ഔദ്യോഗിക വാഹനം ഓടിച്ചിരുന്ന ഗവാസ്‌കറുടെ സ്വഭാവം ഇഷ്ടപ്പെടാത്തതിനാല്‍ പിതാവിനെ വിവരം അറിയിച്ചിരുന്നതായി ഹരജിയില്‍ സ്‌നിഗ്ധ കുമാര്‍ പറയുന്നു. അതിനാല്‍ കാര്‍ ഓടിക്കേണ്ടതില്ലെന്ന് ജൂണ്‍ 13ന് ഗവാസ്‌കറെ പിതാവ് അറിയിച്ചു. എന്നിട്ടും അടുത്തദിവസം രാവിലെ കാറുമായി വന്നു. കാര്‍ ഓഫിസില്‍ നല്‍കാന്‍ നിര്‍ദേശിച്ചു. പ്രഭാത വ്യായാമം നടത്തുന്ന മ്യൂസിയം മൈതാനത്തിന് സമീപമാണ് ഓഫിസ് എന്നതിനാല്‍ താനും മാതാവും കാറില്‍ കയറി. വ്യായാമം കഴിഞ്ഞ് തിരികെ വരുമ്പോഴും കാറും ഗവാസ്‌കറും അവിടെത്തന്നെയുണ്ടായിരുന്നു. വീട്ടില്‍ തിരികെ വിട്ടതിനുശേഷം പോവാമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. പക്ഷേ, കാറില്‍ കയറിയതു മുതല്‍ അയാള്‍ അക്രമകാരിയായി. അതിനാല്‍ കാറില്‍നിന്നിറങ്ങി. ഐപോഡ് എടുക്കാന്‍ മറന്നപ്പോള്‍ അത് എടുക്കാന്‍ വാതില്‍ തുറന്നപ്പോള്‍ ജാതിപരമായ അധിക്ഷേപം നടത്തുകയും കൈയില്‍ പിടിച്ചു തള്ളുകയും ചെയ്തു. അപ്പോള്‍ അയാളെ തള്ളിനീക്കേണ്ടിവന്നു. ഇതിനുശേഷം കാറെടുത്ത് തന്റെ കാലില്‍ കയറ്റിയതായും ഹരജിയില്‍ പറയുന്നു.
എസ്പി ആശുപത്രിയില്‍ ചികില്‍സ തേടിയശേഷം പോലിസില്‍ പരാതി നല്‍കി. താന്‍ ആക്രമിച്ചുവെന്ന് പറഞ്ഞ് ഗവാസ്‌കര്‍ പോലിസില്‍ പരാതി നല്‍കിയെന്ന് അറിയുന്നത് ഇതിനുശേഷമാണ്. നിരപരാധിയായ താന്‍ അക്രമിയായി ചിത്രീകരിക്കപ്പെട്ടിരിക്കുകയാണെന്നും കേസ് റദ്ദാക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top