അറസ്റ്റ് ചെയ്യാനെത്തിയ എഎസ്‌ഐയെ പ്രതി വെട്ടിപ്പരിക്കേല്‍പിച്ചു

അറസ്റ്റ് ചെയ്യാനെത്തിയ എഎസ്‌ഐയെ പ്രതി വെട്ടിപ്പരിക്കേല്‍പിച്ചുകൊട്ടാരക്കര: രാത്രിയില്‍ സ്ത്രീക്ക് മര്‍ദ്ദനമേറ്റ് റോഡില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് അന്വേഷിക്കാന്‍ എത്തിയ എഎസ്‌ഐയെ വെട്ടിപ്പരിക്കേല്‍പിച്ചു. വാളകം എയ്ഡ് പോസ്റ്റിലെ എഎസ്‌ഐ ഉമ്മന്നൂര്‍ പാറങ്കോട് അമൃതാലയത്തില്‍ പിഎസ് സജീവി(50)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണം തടയാന്‍ ശ്രമിച്ച പ്രദേശവാസിക്കും പരിക്കേറ്റു. ആക്രമണം നടത്തിയ പനവേലി പള്ളത്ത് പറമ്പില്‍ വീട്ടില്‍ രവി(46)യെ പോലിസ് പിടികൂടി. ശനിയാഴ്ച രാത്രി 11 ഓടെ കൊട്ടാരക്കര പച്ചൂര്‍  എന്‍എസ്എസ് കരയോഗം ജങ്ഷനില്‍ ഒരു സ്ത്രീ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്നതായാണ് വാളകം എയ്ഡ് പോസ്റ്റില്‍ വിവരം ലഭിക്കുന്നത്. എഎസ്‌ഐ സജീവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് എത്തിയപ്പോള്‍  മര്‍ദ്ദനമേറ്റ് സ്ത്രീ റോഡില്‍ കിടക്കുകയായിരുന്നു. പോലിസ് ഈ സ്ത്രീയെ ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് സ്ത്രീക്കൊപ്പം താമസിക്കുന്ന മധ്യവയസ്‌ക്കനാണ് ഇവരെ  മര്‍ദിച്ചതെന്ന് വിവരം പോലിസിന് ലഭിക്കുന്നത്. എഎസ്‌ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ത്രീയും മധ്യവയസ്‌കനും താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. വീടിന് പിറക് വശത്ത് ആളനക്കം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് എഎസ്‌ഐയും പ്രദേശവാസിയും അവിടേക്ക് നീങ്ങുന്നതിനിടെ സ്ത്രീക്കൊപ്പം വാടകക്ക് താമസിക്കുന്ന രവി പതിയിരുന്നു വെട്ടുകയായിരുന്നു. എഎസ്‌ഐയുടെ നെറ്റിയിലും നെഞ്ചത്തും കൈകളിലും വെട്ടേറ്റിട്ടുണ്ട്.  ഇത് തടയാന്‍ ശ്രമിച്ച പരിസവാസിയായ പ്രദീപിന് കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്.വെട്ടേറ്റിട്ടും പ്രതിയെ പിടി വിടാതെ എഎസ്‌ഐ കീഴ്‌പ്പെടുത്തി. അമ്പലക്കര സ്വദേശിയായ ഓമന(45)ക്കൊപ്പം കഴിഞ്ഞ കുറച്ചു മാസമായി പച്ചൂരില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു പ്രതി. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ രവിയെന്ന് പോലിസ് പറയുന്നു. വെട്ടുകത്തിയും ചെറിയ കത്തിയും പോലിസ് പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഓമനയും താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊട്ടാരക്കര പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top