അറസ്റ്റ് ചെയ്തവരില്‍ ഏറെയും നിരപരാധികളെന്നു ബന്ധുക്കള്‍

കൊച്ചി: വരാപ്പുഴയില്‍ വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിലേറെയും നിരപരാധികളാണെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അനാവശ്യമായി രാഷ്ട്രീയം വലിച്ചിഴച്ച് കണ്ടുനിന്നവരെയൊക്കെ പ്രതിചേര്‍ക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവരുടെ അമ്മമാരുള്‍പ്പെടെയുള്ള ബന്ധുക്കള്‍ പറയുന്നു.
വരാപ്പുഴ ദേവസ്വംപാടത്ത് വസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ യഥാര്‍ഥ പ്രതികള്‍ ഒളിവില്‍ കഴിയുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി നിരപരാധികളുടെ മേല്‍ കുറ്റങ്ങള്‍ ആരോപിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു പോലിസ്. പലരെയും ക്രൂരമായി മര്‍ദിച്ചെന്നു മാത്രമല്ല, നിരത്തിലൂടെ വലിച്ചിഴച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യമാരെയും അമ്മമാരെയും അസഭ്യം പറഞ്ഞു. അറസ്റ്റിന് ശേഷം പലരെയും പട്ടിണിക്കിട്ടു. മൂന്നാംമുറയും പ്രയോഗിച്ചു. നാലാം പ്രതിയായി സബ് ജയിലില്‍ കഴിയുന്ന ടി വി വിനു, ഏഴാം പ്രതി ശരത്, എട്ടാം പ്രതി ശ്രീക്കുട്ടന്‍, 12ാം പ്രതി ശ്രീജിത്, 13ാം പ്രതി ഗോപന്‍ എന്നിവര്‍ക്ക് അതിക്രൂരമായ മര്‍ദനമാണ് നേരിട്ടത്.
മര്‍ദനത്തെ തുടര്‍ന്നാണു ശ്രീജിത്ത് മരിച്ചത്. കസ്റ്റഡിയില്‍ എടുത്ത ശേഷവും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണു നടന്നത്. ആത്മഹത്യ ചെയ്ത വാസുദേവന്‍ ബിജെപി അനുഭാവിയായിരുന്നിട്ടും സിപിഎം പ്രവര്‍ത്തകനായി തെറ്റായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പാണു നടക്കുന്നത്. വൈദ്യ പരിശോധനകള്‍ക്കു ശേഷം ഏഴിന് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാേക്കണ്ട പ്രതികളെ എട്ടിനാണു ഹാജരാക്കിയത്.  യഥാര്‍ഥ പ്രതികളായ ബിബിന്‍, ബിഞ്ചു, അജിത് തുളസിദാസ് എന്നറിയപ്പെടുന്ന ശ്രീജിത്ത് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ പരാതിക്കാരനായ വിനീഷ് നല്‍കിയ മൊഴിയില്‍ അപകടം പറ്റിയത് ജനല്‍ചില്ലുകൊണ്ടാണെന്നു പറഞ്ഞിരുന്നു. എന്നിട്ടും ഇയാളെ വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കേസെടുത്തതിന് പിന്നില്‍ ജാമ്യം നിഷേധിക്കാനുള്ള കുബുദ്ധിയാണെന്നും ഇവര്‍ ആരോപിച്ചു.
രണ്ടു വീട്ടുകാര്‍ തമ്മിലുള്ള പ്രശ്‌നമാണു സംഭവത്തിനു ഹേതുവായത്. കാര്യമായ യാതൊരു രാഷ്ട്രീയ പശ്ചാത്തലവും ഇരുവിഭാഗത്തിനുമില്ല. എന്നാല്‍ ആത്മഹത്യ ചെയ്തയാളെ സിപിഎമ്മാക്കാനും പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധം നല്‍കാനുമൊക്കെയാണു ശ്രമം നടത്തുന്നത്. സംഭവത്തിനു കാഴ്ചക്കാരായവരാണ് അറസ്റ്റിലായ യുവാക്കളെല്ലാമെന്ന് ഇവര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ചു ചോദിക്കാനെന്ന പേരിലാണു രാത്രി ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിയതെന്ന് റിമാന്‍ഡില്‍ കഴിയുന്ന നിതിന്റെ ഭാര്യ ശാലിനി പറഞ്ഞു. കൂടെ ച്ചെന്ന തന്നെ കേസില്‍പ്പെടുത്തുമെന്നു പോലിസുകാര്‍ ഭീഷണിപ്പെടുത്തി. സമാനമായ രീതിയിലാണ് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. ഒന്നു വിളിപ്പിച്ചിരുന്നെങ്കില്‍ സ്റ്റേഷനിലെത്തുമായിരുന്ന യുവാക്കളെ ഈ വിധത്തില്‍ അറസ്റ്റ് ചെയ്തതെന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ടി വി വിനുവിന്റെ അമ്മ കമല, എസ് ജി വിനുവിന്റെ അമ്മ രാജി, എ ആര്‍ ശരതിന്റെ അമ്മ ശ്യാമള, പി ആര്‍ നിതിന്റെ ഭാര്യ ശാലിനി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top