അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണം

ന്യൂഡല്‍ഹി: 1989ലെ എസ്‌സി, എസ്ടി ആക്റ്റ് ദുരുപയോഗം തടയുന്നതിന് സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസുകളില്‍ മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
നിയമം പ്രകാരം കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെങ്കില്‍ നിയമന അതോറിറ്റിയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടായിരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
അറസ്റ്റിനു മുമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരുടെ കാര്യത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം അനുമതിപത്രം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്കും കോടതിയിലും നല്‍കേണ്ടതാണ്.
വ്യക്തിയെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമ്പോള്‍ രേഖപ്പെടുത്തിയ കാരണങ്ങള്‍ മജിസ്‌ട്രേറ്റ് സൂക്ഷ്മ പരിശോധന നടത്തണം. അതിനു ശേഷമേ തുടര്‍ന്നു തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കാവൂ. കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കോടതിയലക്ഷ്യമടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും സുഭാഷ് കാശിനാഥ് മഹാജന്‍, മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top