അറവുശാല വിവാദം കൊഴുക്കുന്നു

കോഴിക്കോട്: കടലിരമ്പങ്ങള്‍ക്കും - കാല്‍പന്തുകളിക്കുമിടയില്‍ കോതിയിലെ അത്യാധുനിക അറവുശാലാ നിര്‍മ്മാണം കുടുങ്ങിക്കിടക്കുകയാണ്. എത്രയോ കാലം കോഴിക്കോട് നഗരത്തിലെ അറവുമാടുകളെ കശാപ്പു ചെയ്തിരുന്ന ‘കശാപ്പുശാല’ കോതിയിലായിരുന്നു. അതിന്റെ പ്രവര്‍ത്തനം നിലച്ചശേഷം കോഴിക്കോടിനൊരു അറവുശാല പണിയാന്‍ നഗരസഭക്ക് ഇന്നുവരെ സാധ്യമായില്ല. ‘കോതിയില്‍ അറവുശാല വരുന്നുവെന്ന തലക്കെട്ട് പത്തുപതിനഞ്ചു വര്‍ഷമായി ദിനപത്രങ്ങളില്‍ ഒന്നിടവിട്ട മാസങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. നഗരസഭയുടെ ബജറ്റ് സമ്മേളനം റിപോര്‍ട്ട്് ചെയ്യുന്ന പത്രപ്രവര്‍ത്തകരും വര്‍ഷം തോറും കോതിയില്‍ അത്യാധുനിക രീതിയില്‍ അറവുശാലക്ക് കോടികള്‍ നീക്കി വെക്കുന്നതിന്റെ കണക്കുകളും എഴുതി പിടിപ്പിക്കാറുണ്ട്. കോതിയില്‍ അറവുശാല നിലനിന്നിരുന്ന ഷെഡില്‍ കുറേകാലം കോതിയിലെ കുട്ടികള്‍ ‘ഇന്‍ഡോര്‍ സ്റ്റേഡിയം’ പോലെ ഉപയോഗിച്ചു. ഇതിനടുത്ത സ്ഥലത്താണ് ഇപ്പോഴത്തെ കളിക്കളം. ജനവാസ കേന്ദ്രമായ കോതിയില്‍ അറവുശാല വരുന്നതിനെതിരെ പ്രദേശത്തുകാര്‍ ഒന്നടങ്കം വര്‍ഷങ്ങളായി എതിര്‍പ്പുമായി രംഗത്തുണ്ട്. ഇവിടെ മിനി സ്റ്റേഡിയം പണിയണമെന്ന ആഗ്രഹവുമായി കോതിക്കാര്‍ വര്‍ഷങ്ങളായി സ്വപ്്‌നം കണ്ടു നടക്കുന്നുമുണ്ട്. എന്നാല്‍ ഇവിടെ തന്നെ അറവുശാല പണിയാനാണ് നഗരസഭയുടെ ഉറച്ച തീരുമാനം. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ വലയം തീര്‍ത്തപ്പോള്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. മുഖദാറിലേയും കോതിയിലേയും ഫുട്‌ബോള്‍ കമ്പം ലോക ശ്രദ്ധ നേടിയതുമാണ്. ഇങ്ങിനെയൊരു ദേശത്ത് എന്തുകൊണ്ടും മിനി സ്റ്റേഡിയമാണ് ഉയരേണ്ടതെന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. നഗരസഭയും കോതി നിവാസികളും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ കോതിയിലെ അറവുശാല’ ഇനിയും നീളുമോ എന്ന ആശങ്കയും തുടരുകയാണ്. പ്രൊജക്ട് അംഗീകരിക്കുന്നതിനെപോലും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സ്ഥലത്തെ കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതുമാണ്. കോതിയിലല്ലെങ്കില്‍ മറ്റൊരിടത്ത് അറവുശാല സ്ഥാപിക്കുക എന്നാവശ്യമാണ് ഇറച്ചിക്കച്ചവടക്കാരുടേത്. വേണ്ടത്ര സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട ഇറച്ചി വില്‍പനയോട് തുടരുന്ന അലംഭാവം എന്നവസാനിക്കുമോ?

RELATED STORIES

Share it
Top