അറവുശാലയിലേക്ക് പന്നികളുമായി എത്തിയ വാഹനം തിരിച്ചയച്ചു

ചാലക്കുടി: ഇരിങ്ങാലക്കുട ചന്തയില്‍ നിന്നും ചാലക്കുടി അറവുശാലയിലേക്ക് കശാപ്പിനായി പോര്‍ക്കുകളുമായി എത്തിയ വാഹനം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. പിന്നീട് നഗരസഭ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ പുറത്ത് നിന്നുള്ളവയെ ചാലക്കുടിയില്‍ അറവ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തില്‍ വഹാനം തിരിച്ചയച്ചു.
ഇരിങ്ങാലക്കുട നഗരസഭയിലെ അറവുശാലയില്‍ മതിയായ സജ്ജീകരണങ്ങള്‍ ഇല്ലാത്തിതനെ തുടര്‍ന്ന് ഹൈക്കോടതി അറവുശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പുറത്ത് നിന്നും അറവ് ചെയ്ത് കൊണ്ടുവരുന്നവ മാര്‍ക്കറ്റില്‍ വില്പന നടത്താന്‍ അനുമതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോര്‍ക്കിനെ ചാലക്കുടി മാര്‍ക്കറ്റിലും ആട്, പോത്ത് തുടങ്ങിയവയെ കളമശ്ശേരി മാര്‍ക്കറ്റിലും അറവ് ചെയ്യാന്‍ ഇരിങ്ങാലക്കുട നഗരസഭ അനുമതി സമ്പാധിച്ചിരുന്നു. സാധാരണ ദിവസങ്ങളില്‍ ഒരു പോര്‍ക്കിനേയും വിശേഷ ദിവസങ്ങളില്‍ രണ്ട് പോര്‍ക്കുകളേയും അറുക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
നിലവില്‍ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ പള്ളിത്തോട്ടിലൂടെയാണ് ഒഴുക്കി വിടുന്നത്. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ പള്ളിതോട്ടിലൂടെ ഒഴുക്കി വിടുന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും ആരോഗ്യപ്രശ്‌നങ്ങളും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടി ഒഴുകിയെത്തിയാല്‍ രൂക്ഷത വര്‍ധിക്കും. അറവിന് അനുമതി കൊടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി നടന്ന എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ പള്ളിത്തോട് കടന്ന് പോകുന്ന വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ സീമ ജോജോയും വി ജെ ജോജിയും എതിര്‍പ്പും പ്രതിഷേധവും അറിയിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് ബന്ധപ്പെട്ടവര്‍ അനുമതി നല്‍കിയത്.
ഇതേ തുടര്‍ന്നാണ് പോര്‍ക്കുകളുമായി ചാലക്കുടി അറവുശാലയിലേക്ക് ഇന്നലെ രാവിലെ വാഹനമെത്തിയത്. വിവരമറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ സീമ ജോജോ, സി കെ വിന്‍സെന്റ്, സി.എസ്.വിനു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞുവച്ചു. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ്‌ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, കൗണ്‍സലര്‍മാരായ പി.എം.ശ്രീധരന്‍, വി ഒ പൈലപ്പന്‍, വി.ജെ.ജോജി, സീമ ജോജോ, ബിജി സദാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പുറത്ത് നിന്നുമുള്ളവ ചാലക്കുടി മാര്‍ക്കറ്റില്‍ അറവ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തില്‍ വാഹനം തിരിച്ചയച്ചു.
ഇരിങ്ങാലക്കുട
നഗരസഭയില്‍
ഇറച്ചി വില്‍പന
വീണ്ടും ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയില്‍ ഇറച്ചി വില്‍പന വീണ്ടും ആരംഭിച്ചു. ഹൈക്കോടതി താല്‍കാലിക അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റില്‍ ഇറച്ചി വില്‍പന ആരംഭിച്ചത്. മൂന്ന് മാസത്തേക്കാണ് അനുമതി. ചാലക്കുടി, എറണാകുളം എന്നിവിടങ്ങളിലുള്ള അറവുശാലകളില്‍ നിന്നാണ് മാംസം വില്‍പന നടത്താന്‍ അനുമതിയുള്ളത്. മാംസ വില്‍പനശാല ഹൈക്കോടതി അനുമതിയോടെ തുറക്കാന്‍ നേരത്തേ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

RELATED STORIES

Share it
Top