അറയ്ക്കല്‍ ബീവി ആദിരാജ സൈനബ ആയിഷബി അന്തരിച്ചു

തലശ്ശേരി: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ സ്വരൂപത്തിലെ നിലവിലെ സുല്‍ത്താന (അറയ്ക്കല്‍ ബീവി) ആദിരാജ സുല്‍ത്താന സൈനബ ആയിഷബി (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ആറോടെ തലശ്ശേരി ടൗണ്‍ഹാളിനടുത്ത അറയ്ക്കല്‍ ആദിരാജ മഹലിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് നാലിന് ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
കേയി തറവാട്ടിലെ പരേതനായ സി ഒ മൊയ്തു കേയിയാണ് ഭര്‍ത്താവ്. 37ാം അറയ്ക്കല്‍ ബീവിയാണ് ആദിരാജ സൈനബ ആയിഷബി. 2006ല്‍ ആയിഷ മുത്തുബീവിയുടെ മരണശേഷമാണ് ഇവര്‍ അധികാരമേറ്റത്.  37ാമത്തെ ബീവിയായി സൈനബ ആയിഷബി ചുമതലയേറ്റതിനുശേഷമാണ് അറയ്ക്കല്‍ രാജവംശത്തിന്റെ സമ്പൂര്‍ണ ചരിത്രം വിശദീകരിക്കുന്ന അറയ്ക്കല്‍ മ്യൂസിയം ആരംഭിച്ചത്. ഇവരുടെ മകന്‍ ആദിരാജ മുഹമ്മദ് റാഫി അറയ്ക്കല്‍ രാജാക്കന്മാരുടെ അധികാരപരിധിയില്‍ ഉണ്ടായിരുന്ന പള്ളികളുടെ മുതവല്ലി സ്ഥാനം അലങ്കരിച്ചിരുന്നു.
മക്കള്‍: ആദിരാജ സഹീദ, ആദിരാജ മുഹമ്മദ് സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ ഷംസീര്‍, പരേതനായ ആദിരാജ റഹൂഫ്. മരുമക്കള്‍: സാഹിറ, സാജിദ, നസീമ, ആനിഫ, പരേതനായ എ പി എം മൊയ്തു. തലശ്ശേരി ചേറ്റംകുന്നിലെ ഫാത്തിമ മുത്തുബീവിയാണ് അറയ്ക്കല്‍ ബീവിയുടെ അടുത്ത പിന്‍ഗാമി. സര്‍ക്കാരിനു വേണ്ടി സബ് കലക്ടര്‍ എസ് ചന്ദ്രശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എ എന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

RELATED STORIES

Share it
Top