അറബ് വിദേശകാര്യ മന്ത്രിമാര്‍ കെയ്‌റോയില്‍ യോഗം ചേരും

കെയ്‌റോ: ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി അറബ് വിദേശകാര്യ മന്ത്രിമാര്‍ ഇന്നു കെയ്‌റോയില്‍ യോഗം ചേരും. ഫലസ്തീന്റെ അഭ്യര്‍ഥന അനുസരിച്ചാണ് അറബ് നേതാക്കള്‍ യോഗം വിളിച്ചത്. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെ അധിനിവിഷ്ട മേഖലകളിലേക്കു സ്വാഗതം ചെയ്യില്ലെന്നു ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം അവസാനമാണ് പെന്‍സിന്റെ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചു ട്രംപിന്റെ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ഫലസ്തീന്‍ അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. ഈ മാസം അവസാനം ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന മൈക്ക് പെന്‍സ് ഫലസ്തീന്‍ നഗരമായ ബത്‌ലഹേം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പെന്‍സ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇക്കാര്യത്തില്‍ അവ്യക്തതയില്ലെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.ട്രംപിന്റെ പ്രസ്താവന ലോകവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം മലേസ്യ, ഇന്തോനീസ്യ, ജോര്‍ദാന്‍, തുര്‍ക്കി, പാകിസ്താന്‍, തുണീസ്യ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ജമ്മുകശ്മീര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പലയിടങ്ങളിലും യുഎസ് എംബസികള്‍ക്കു മുന്നില്‍ നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top