അറബിക് സര്‍വകലാശാല : ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മപള്ളിമുക്ക്: സച്ചാര്‍ റിപ്പോര്‍ട്ടിലും പാലൊളി റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുള്ള അറബിക് സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും സാധ്യതകള്‍ ആരായുകയും ചെയ്യുമെന്ന്  മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പള്ളിമുക്ക് ഫാത്തിമാ മെമ്മോറിയല്‍ ട്രെയിനിങ് കോളജില്‍ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാളം യൂനിവേഴ്‌സിറ്റി ഉള്‍പ്പടെ പതിനാലു യൂനിവേഴ്‌സിറ്റികളാണ് നിലവിലുള്ളത്. അവസാനമായി സ്ഥാപിച്ച മലയാളം യൂനിവേഴ്‌സിറ്റിയുടെ ബാലാരിഷ്ടതകള്‍ ഇതുവരേയും മാറിയിട്ടില്ല. സംഘടനകളുടെ സമ്മദ്ദമാണ് ഭരണകൂടത്തിന്റെ ഇടപെടലിലേക്ക് നയിക്കുന്നത്. അറബിക് സര്‍വക ലാശാലക്കായി കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാരില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. ഇതിനായി 5000 കോടി രൂപാ സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുവാന്‍ അധ്യാപക സംഘടനകളുടെ സഹകരണം ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു.കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, എ യൂനുസ് കുഞ്ഞ്, കുരീപ്പള്ളി ഷാജഹാന്‍, കാര്യറ നസീര്‍, വി എ റഹുമാന്‍, എസ് അഹമ്മദ് ഉഖൈല്‍, എഫ് ഖയസ്, ഫസലുദീന്‍ കുറ്റിച്ചിറ, സി എച്ച് ഹംസാ മാസ്റ്റര്‍, കുണ്ടറ അഹമ്മദ് കുഞ്ഞ്, ഇ ഷാനവാസ് ഖാന്‍, എച്ച് സലിം, കെ കെ അബ്ദുല്‍ ജബ്ബാര്‍,ഖുര്‍ഷിദ് സംസാരിച്ചു.

RELATED STORIES

Share it
Top