അറബിക്കഥകള്‍

കൊച്ചുനാള്‍ തൊട്ടേ നാം കേള്‍ക്കുന്നതാണ് അലിഫ് ലൈല വ ലൈല എന്ന അറബിക്കഥകള്‍. ഷെഹരിയാര്‍ എന്ന സുല്‍ത്താന്‍ തന്നെ വഞ്ചിച്ച ആദ്യ പത്‌നിയെ കൈയോടെ പിടിച്ച് കഥ തീര്‍ത്തു. പിന്നെ ഓരോ ദിവസവും രാജ്യത്തെ സുന്ദരികളെ വിവാഹം ചെയ്ത് പുലരും മുമ്പ് അവരെ വധിക്കുക പതിവായി. ഒടുവില്‍ വസീറിന്റെ മകളുടെ ഊഴമെത്തി. ബുദ്ധിമതിയായ ഷെഹറാസാദ് ഓരോ രാത്രിയും ഓരോ കഥ പറഞ്ഞ് സുല്‍ത്താനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. അങ്ങനെ പറഞ്ഞു തീര്‍ത്ത 1001 കഥകള്‍ ലോകമെമ്പാടും പ്രചരിച്ചു.ആരാണീ കഥകള്‍ എഴുതിയതെന്ന് ആര്‍ക്കും അറിയില്ല. മധ്യേഷ്യയില്‍ ഒരുകാലത്ത് സഞ്ചരിച്ച് കഥ പറഞ്ഞവരാണ് പ്രണേതാക്കളെന്നും ഹാറൂണ്‍ റഷീദിന്റെ കാലത്ത് സമാഹരിക്കപ്പെട്ടെന്നും കരുതപ്പെടുന്നു. എന്നാല്‍, 18ാം നൂറ്റാണ്ടില്‍ യൂറോപ്പിലെത്തിയപ്പോള്‍ വിവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തതാണ് അറബിക്കഥയിലെ പല രചനകളും എന്ന് ഈയിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അറബിക്കഥകളുടെ ആദ്യത്തെ ഫ്രഞ്ച് വിവര്‍ത്തകന്‍ അന്റോയ്ന്‍ ഗലാന്റ് കൂട്ടിച്ചേര്‍ത്തതാണ് അലാവുദ്ദീന്റെയും അലി ബാബയുടെയും സിന്‍ബാദിന്റെയുമൊക്കെ കഥകളെന്ന് ഗ്രന്ഥം പറയുന്നു. 1709 മെയില്‍ പാരിസിലെത്തിയ ഹന്നാ ദിയാദ് എന്ന സിറിയന്‍ സഞ്ചാരിയോട് അതിന് ഗലാന്റ് കടപ്പെട്ടിരിക്കുന്നു. പിന്നീട് വത്തിക്കാന്‍ ലൈബ്രറിയില്‍ ദിയാദിന്റെ ഓര്‍മക്കുറിപ്പുകളില്‍ നിന്ന് ഇവ കണ്ടെത്തുകയായിരുന്നത്രേ.

RELATED STORIES

Share it
Top