അറബിക്കടലില്‍ ന്യൂനമര്‍ദം: ഇന്നു മുതല്‍ മഴ കനക്കും; 36 മണിക്കൂര്‍ നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയ്ക്കു സാധ്യത. അറബിക്കടലിന്റെ തെക്കുകിഴക്കായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ പേമാരിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും. 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി ഒമാന്‍ തീരത്തേക്കു നീങ്ങും.
ചുഴലിക്കാറ്റ് നേരിട്ടു കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ഞായറാഴ്ചയാണ് ഏറ്റവും തീവ്രമായി മഴ പെയ്യുക. ഈ ദിവസം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.
ദുരന്തനിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അണക്കെട്ടുകളിലെ ജലനിരപ്പും വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്കും കൃത്യമായി കണക്കാക്കിവരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നല്ല മഴ കിട്ടി. കുരുടാമണ്ണില്‍ 11 സെ.മീ മഴ രേഖപ്പെടുത്തി. കോന്നി, കോഴ, തളിപ്പറമ്പ് എട്ടു സെ.മീറ്ററും കോഴിക്കോട്ടും പുനലൂരും ഏഴ് സെ.മീറ്ററും മഴ പെയ്തു.
കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് വനമേഖലയില്‍ ഇന്നലെ ഉരുള്‍പൊട്ടി. മട്ടിമല വനത്തിനുള്ളില്‍ ശക്തമായ മഴ പെയ്തതാണ് ഉരുള്‍പൊട്ടലിനു കാരണമായതെന്ന് സംശയിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. കഴിഞ്ഞ ആഗസ്ത് എട്ടിന് ഈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു.
മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മല്‍സ്യബന്ധനത്തിലുള്ളവര്‍ ഏറ്റവും സമീപത്തുള്ള തീരത്തേക്ക് എത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

RELATED STORIES

Share it
Top