അര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും: മന്ത്രി പി തിലോത്തമന്‍

കോന്നി: സംസ്ഥാനത്തെ 2.5 ലക്ഷത്തോളം വരുന്ന അര്‍ഹരായവരെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കോന്നി സിഎഫ്ആര്‍ഡിയില്‍ എംബിഎ കോളജ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായ പലരും കടന്നുകൂടിയതു മൂലം അര്‍ഹരായ ചിലര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നു പുറത്തായി. അനര്‍ഹരെ കണ്ടെത്തി അവരുടെ സ്ഥാനത്ത് അര്‍ഹരായവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളാണു പുരോഗമിക്കുന്നത്.
നാലുചക്ര വാഹനമുള്ളവര്‍, 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍ തുടങ്ങി അനര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ തുടരുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇവരെ ഒഴിവാക്കുന്ന മുറയ്ക്ക് അര്‍ഹരായവരെ മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റും.
റേഷന്‍ വിതരണം സുതാര്യമാക്കുന്നതിനുള്ള നടപടികളിലായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും ഭക്ഷ്യപൊതുവിതരണ വകുപ്പ് പൂര്‍ണമായും മുഴുകിയത്. മുന്‍കാലത്ത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ എന്‍എഫ്എസ്എ നടപ്പാക്കിയതുമൂലം ഏറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതോടെ ലഭിക്കുന്ന റേഷന്‍ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
അഴിമതിയും കെടുകാര്യസ്ഥതയും മാത്രം നിലനിന്നിരുന്ന റേഷന്‍ വ്യാപാരരംഗത്തെ ശുദ്ധീകരിക്കുന്നതിന് സര്‍ക്കാരിന് ഏറെ പണിപ്പെടേണ്ടിവന്നു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ 333 റേഷന്‍ മൊത്ത വിതരണക്കാരെ ഒഴിവാക്കി. തുടര്‍ന്നു റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കി. വാതില്‍പ്പടി റേഷന്‍ വിതരണം ഏര്‍പ്പെടുത്തിയതോടെ വ്യാപാരികളുടെ പരാതികള്‍ക്ക് ഒരു പരിധി വരെ പരിഹാരമായി. ഭക്ഷ്യ ഭദ്രതാ നിയമം പൂര്‍ണമായും നടപ്പാക്കിയതോടെ റേഷന്‍വ്യാപാര രംഗത്ത് നിലനിന്നിരുന്ന എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങള്‍ക്കും അന്ത്യമായെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top