അര്‍ബുദ നിര്‍ണയത്തിന് മെഡി. കോളജില്‍ അത്യാധുനിക സംവിധാനം

കോഴിക്കോട്: അര്‍ബുദരോഗനിര്‍ണയത്തിനുള്ള അത്യാധുനികമായ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി ടെസ്റ്റ് മെഷീന്‍ മെഡിക്കല്‍കോളജില്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. പത്തോളജി വിഭാഗത്തില്‍ സ്ഥാപിച്ച മെഷീന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 65 ലക്ഷം വിലയുള്ള യന്ത്രം ആശുപത്രിവികസനഫണ്ടില്‍ നിന്നാണ് വഹിക്കുന്നത്. അര്‍ബുദരോഗ നിര്‍ണയവും ചികില്‍സയും ഇനി വേഗത്തിലാകും. ഏതു തരത്തിലുള്ള അര്‍ബുദ രോഗമാണെന്നു കണ്ടെത്തി അതനുസരിച്ച് മരുന്നുവരെ നിര്‍ണയിച്ചു നല്‍കാന്‍ പറ്റുന്ന പരിശോധനയാണ് ഇമ്മ്യൂണോഹിസ്റ്റോ കെമിസ്ട്രി യന്ത്രം കൊണ്ട് നടത്തുന്നത്. നാലുമണിക്കൂര്‍ കൊണ്ട് 30 ടെസ്റ്റു വരെ നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ അര്‍ബുദ രോഗ പരിശോധനയും ചികില്‍സയും ഘട്ടഘട്ടമായുള്ള പരിശോധനയിലൂടെയാണ് ഏതു തരത്തിലുള്ള അര്‍ബുദമാണെന്ന് കണ്ടെത്തിയിരുന്നതും ചികില്‍ സ നിര്‍ണയിച്ചിരുന്നതും. ഈ രീതിയില്‍ നടത്തുന്ന പരിശോധനയ്ക്ക് ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ  അഞ്ചു മുതല്‍ എട്ടു മണിക്കൂര്‍ വേണം. ആഴ്ചയില്‍ വെറും 40 ല്‍ കുറവ് പരിശോധന മാത്രമേ പൂര്‍ത്തിയാക്കാന്‍ ഇത്തരത്തില്‍ സാധിക്കുകയുള്ളൂ. ഇത് പലപ്പോഴും രോഗികളെ ബുദ്ധിമുട്ടിക്കുന്നു. പുതിയ മെഷീന്‍ എത്തുന്നതോടെ ഇതിന് പരിഹാരമാകും. അര്‍ബുദ രോഗികളുടെ എണ്ണം കൂടിവരുന്നതിനാല്‍ വേഗത്തില്‍ രോഗനിര്‍ണയം നടത്തി ചികില്‍സ വേഗത്തിലാക്കുവാ ന്‍ സാധിക്കും. അനാവശ്യ മരുന്നുകള്‍ നല്‍കുന്നതിലൂടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഉദാഹരണമായി അഞ്ചുപേര്‍ക്ക് സ്തനാര്‍ബുദമുണ്ടെങ്കില്‍ അഞ്ചു വ്യത്യസ്ത രൂപത്തിലായിരിക്കും. ഓരോരുത്തര്‍ക്കും പ്രത്യേക മരുന്നുകള്‍ വേണ്ടിവരും. ഇമ്യൂണോ ഹിസ്റ്റോ കെമിസ്ട്രി വന്നതോടെ ചികില്‍സ വേഗത്തില്‍ നടത്താന്‍ കഴിയും. സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ പരിശോധനക്ക് മൂന്നിരട്ടി തുക വാങ്ങിക്കുന്നു. മെഡിക്കല്‍കോളജില്‍ ഈ ചികിത്സയ്ക്ക് 500 മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്. അര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സഹായകരമാവുന്ന പോസിട്രോണ്‍ ഇമീഷ്യന്‍ ടൊമോഗ്രഫി മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ മെഡിക്കല്‍ കോളജില്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ മെഡിക്കല്‍കോളജില്‍ ആദ്യമായി ഇവിടെയാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കമാവുന്നത്.

RELATED STORIES

Share it
Top