അര്‍ബുദരോഗിയായ ബാലനെ 'ഇന്‍സ്‌പെക്ടറാക്കി' മുംബൈ പോലിസ്

മുംബൈ: വലുതാവുമ്പോള്‍ പോലിസ്‌സേനയില്‍ ചേര്‍ന്നു കള്ളന്‍മാരെയും കൊള്ളക്കാരെയും തകര്‍ത്ത് തരിപ്പണമാക്കണമെന്നായിരുന്നു ഏഴു വയസ്സുകാരന്‍ അര്‍പ്രീത് മണ്ഡലിന്റെ ആഗ്രഹം. അതിനിടെയാണു തന്റെ സ്വപ്‌നത്തിനും ഭയപ്പെടാത്ത ആത്മാവിനും’ഇടയില്‍ ജീവനുതന്നെ ഭീഷണി ഉയര്‍ത്തി കാന്‍സര്‍ എന്ന മഹാമാരി വില്ലനായത്. എന്നാല്‍, മേക്ക് എ വിഷ് ഇന്ത്യ ഫൗണ്ടേഷനും മുംബൈ പോലിസും ചേര്‍ന്ന് അര്‍പ്രീതിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.
ഒരു ദിവസത്തേക്ക് സ്‌റ്റേഷന്‍ ചുമതല നല്‍കിയാണ് അര്‍പ്രീത് മണ്ഡല്‍ എന്ന ഏഴുവയസ്സുകാരന്റെ ആഗ്രഹം മുലുന്ദ് പോലിസ് സ്‌റ്റേഷന്‍ അധികൃതര്‍ നിറവേറ്റിയത്. അതീവ ഗുരുതര രോഗബാധിതരായ മൂന്നിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന സംഘടനയാണ് മേക്ക് എ വിഷ്. ഇന്‍സ്‌പെക്ടര്‍ അര്‍പ്രീത് സ്‌റ്റേഷനില്‍ ഇരിക്കുന്നതിന്റെ ചിത്രം മുംബൈ പോലിസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നിരവധി പേരാണ് മുംബൈ പോലിസിന് അഭിനന്ദനവുമായി എത്തിയത്.

RELATED STORIES

Share it
Top