അര്‍ബന്‍ ട്രെയ്‌നിങ് സെന്ററില്‍ ഫാര്‍മസിസ്റ്റ് ഇല്ല; രോഗികള്‍ വലയുന്നു

അര്‍ബന്‍ ട്രെയ്‌നിങ് സെന്ററില്‍ ഫാര്‍മസിസ്റ്റ് ഇല്ല; രോഗികള്‍ വലയുന്നു അമ്പലപ്പുഴ: അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുമാരില്ലാത്തതിനാല്‍രോഗികള്‍ ദുരിതത്തില്‍. ഇന്നലെ ഫാര്‍മസിയില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുണ്ടായിരുന്നത്. ഇതു മൂലം രാവിലെ 9 ന് ക്യൂവില്‍ നിന്നവര്‍ക്കു പോലും ഉച്ചക്ക് ഒരു മണിയായിട്ടും മരുന്ന് ലഭിച്ചില്ല.  കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിന് പേരാണ് ഇന്നലെ മണിക്കൂറുകളോളം ദുരിതമനുഭവിച്ചത്.പ്രതിദിനം അറുനൂറിനും എഴുനൂറിനുമിടയില്‍ രോഗികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നത്. ആവശ്യത്തിന് മരുന്നുകള്‍ ഫാര്‍മസിയില്‍ ലഭ്യമാണെങ്കിലും ഇവ വിതരണം ചെയ്യാന്‍ ആളില്ലാത്തതാണ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത്. കൂടാതെ ഒ പി ചീട്ടെഴുതാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടാകുക. ഇതിനായി മൂന്ന് പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരാള്‍ക്ക് രാത്രിയിലാണ് ഡ്യൂട്ടി. ഒരാള്‍ അവധിയിലാണെങ്കില്‍ പലപ്പോഴും കൃത്യമായി  ഒപി ചീട്ട് നല്‍കാനും ജീവനക്കാര്‍ ബുദ്ധിമുട്ടിലാകും. കുട്ടികളുടെയും മുതിര്‍ന്നവരുടെയുമായി രണ്ട് രജിസ്റ്ററുകളാണ് ഒ പി കൗണ്ടറിലുള്ളത്. രോഗികളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ജീവനക്കാരും ബുദ്ധിമുട്ടിലാകുകയാണ്. പഴയ സ്റ്റാഫ് പാറ്റേനാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.

RELATED STORIES

Share it
Top