അര്‍ധരാത്രി വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ യുവാവ് പിടിയില്‍

പത്തനംതിട്ട: നഗരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. കല്ലറക്കടവ് മാങ്കോട്ടു മേലേതില്‍ ഉണ്ണി(33)യാണ് പിടിയിലായത്.  ഇയാളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെപ്പറ്റി പൊലിസ് പറയുന്നത്: 23ന് രാത്രി 12 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഉണ്ണി അടുക്കളയ്ക്ക് സമീപം കൊളുത്തിടാതെ കിടന്ന ജനലിന്റെ അഴികള്‍ക്കിടയിലൂടെ അടുക്കള വാതിലിന്റെ കുറ്റി നീക്കി അകത്തു കടന്നു. പെണ്‍കുട്ടി കിടന്ന മുറിയില്‍ കയറി. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കട്ടിലില്‍ ഇരുന്നു.  ദേഹത്ത് സ്പര്‍ശിച്ചപ്പോഴേക്കും പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് നിലവിളിച്ചു. പ്രതി കയ്യില്‍ കരുതിയിരുന്ന കമ്പു കൊണ്ട് പെണ്‍കുട്ടിയെ അടിച്ചശേഷം ഇറങ്ങിയോടി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ്, കഴിഞ്ഞ ദിവസം രാവിലെ ഉണ്ണിയെ അയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. മൈക്ക് ഓപറേറ്ററും കൂലിപ്പണിക്കാരനുമാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
പത്തനംതിട്ട എസ്‌ഐ എസ് സനൂജ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാജേഷ്, സിപി.ഒമാരായ ഹരി, വിപിന്‍ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top