അര്‍ധരാത്രി വിദ്യാര്‍ഥിനിയെ ഇറക്കാതെ മിന്നല്‍ ബസ്; ജീപ്പിട്ട് തടഞ്ഞ് പോലിസ് വിദ്യാര്‍ഥിനിയെ ഇറക്കി

പയ്യോളി: അര്‍ധരാത്രി ഒറ്റക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനിയ്ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ മിന്നല്‍ ബസ് നിര്‍ത്തി കൊടുത്തില്ല. പിതാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇടപെട്ട പോലിസ് രണ്ടുതവണ കൈ കാണിച്ചിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. അവസാനം ഹൈവേ പോലിസ് ദേശീയപാതക്ക് കുറുകെ വാഹനമിട്ട് ബസ് തടഞ്ഞ് വിദ്യാര്‍ഥിനിയെ ഇറക്കി. ഇന്ന് പുലര്‍ച്ചെയാണ് നാടകീയ സംഭവം നടന്നത്.ഇന്നലെ രാത്രി എട്ടര മണിക്ക് പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിന്ന് പയ്യോളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആര്‍ടിസി ബസില്‍ കയറിയതായിരുന്നു വിദ്യാര്‍ഥിനി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസര്‍ഗോഡ് വരെയുണ്ടെന്നു മനസ്സിലായതിനെ തുടര്‍ന്ന് കോഴിക്കോട് കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. ഇത് മിന്നല്‍ ബസാണെന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്നും കണ്ടക്ടര്‍ അറിയിച്ചു. തുടര്‍ന്ന് നൂറ്റിപതിനൊന്ന് രൂപ നല്‍കി വിദ്യാര്‍ഥിനി ടിക്കറ്റ് എടുക്കുകയും ചെയ്തു.പിന്നീട്
പയ്യോളിയില്‍ കാത്ത് നിന്ന പിതാവിനെ മൊബൈല്‍ വഴി വിഷയം ധരിപ്പിച്ചു. ഇദ്ദേഹം ഉടന്‍ പയ്യോളി പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനും പിതാവും ചേര്‍ന്ന് പയ്യോളിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ബസ്സിന് കൈകാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പോയി. ഉടന്‍ തന്നെ പയ്യോളി പോലിസ് മൂരാട് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലിസുകാരോട് ബസ് തടയാന്‍ ആവശ്യപ്പെട്ടു. അവിടെയും ബസ് നിര്‍ത്തിയില്ല. ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കി. തുടര്‍ന്ന് ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയില്‍ വച്ച് ചോമ്പാല പോലിസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു. രക്ഷിതാവ് കുഞ്ഞിപ്പള്ളിയില്‍ എത്തുമ്പോഴേക്കും ബസ് വിദ്യാര്‍ഥിനിയെ ഇറക്കി പോയിരുന്നു. സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ രാത്രി പത്ത് മണി കഴിഞ്ഞാല്‍ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ളവ ഏത് സ്ഥലത്തും നിര്‍ത്തണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ക്രൂരത. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പോലിസിനും കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥിനിയുടെ കുടുംബം.

RELATED STORIES

Share it
Top