അര്‍ധരാത്രിയിലെ റോഡ് പ്രവൃത്തി യൂത്ത് ലീഗ് തടഞ്ഞു

വാണിമേല്‍: കല്ലാച്ചി വാണിമേല്‍ റോഡില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പ്രവൃത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവൃത്തിയില്‍ കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജോലി നിര്‍ത്തിവെപ്പിച്ചത്.റോഡില്‍ ഫില്ലിങ്ങിനായി ഉപയോഗിക്കേണ്ട ക്വാറി വേസ്റ്റിന് പകരം ഉരുള്‍പൊട്ടിയ മേഖലകളില്‍ നിന്ന് കൊണ്ട്‌വന്ന മണ്ണും ഉരുളന്‍ കല്ലുകളും ഉപയോഗിച്ച് പണി നടത്തുന്നതാണ് യൂത്ത് ലീഗ് തടഞ്ഞത്. ജനം കാണാതിരിക്കാന്‍ പാതിരാത്രിയില്‍ നടത്തുകയായിരുന്ന ജോലിയാണ് നൂറ് കണക്കിന് പ്രവര്‍ത്തകന്മാര്‍ ചേര്‍ന്ന് തടഞ്ഞത്. ഫണ്ടനുവദിച്ചിട്ട് മാസങ്ങളായെങ്കിലും കരാറുകാരന്‍ വരുത്തുന്ന കാലതാമസവും അനാസ്ഥയുമാണ് പണി നടക്കാന്‍ വൈകിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. റോഡ് റോളര്‍ പോലുമില്ലാതെ വെറും എസ്‌കവേറ്റര്‍ ഉപയോഗിച്ച് റോഡ് നിരത്തുന്നതിന് പണിക്കാര്‍ എത്തിയിരുന്നത്. നാദാപുരം പോലിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എക്‌സിക്കുട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കുകയുള്ളൂ എന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. റോഡിലേക്ക് നടത്തിയ മാര്‍ച്ചിന് പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ കെ പി ശിഹാബ്, നൗഫല്‍ കിഴക്കയില്‍, സി വി കെ അഷ്‌റഫ്, ഒ മുനീര്‍, കെ പി യൂനുസ്, നൗഷാദ് കണ്ടിയില്‍, കെ സി അബ്ദുല്ലക്കുട്ടി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top