അര്‍ത്തുങ്കല്‍ ഫിഷറീസ് തുറമുഖത്തിന്റെ നിര്‍മാണം സപ്തംബറില്‍ പുനരാരംഭിക്കും

ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷറീസ് തുറമുഖത്തിന്റെ നിര്‍മാണം സെപ്തംബറില്‍ പുനരാരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി. പുതുക്കിയ എസ്റ്റിമേറ്റില്‍ പുലിമുട്ടുകളുടെ ദൂരം 420മീറ്ററായി ചുരുക്കിയത് ഒഴിവാക്കാനും ആദ്യപദ്ധതിയിലേതുപോലെ 600 മീറ്ററില്‍ തന്നെ നിലനിര്‍ത്താനും തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖത്തിനായി സമരത്തിലുള്ളവരുമായി
ആലപ്പുഴ കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനത്തെ അംഗീകരിച്ച സമരക്കാര്‍ തുടര്‍നടപടി ഉടനെ ജില്ല ഭരണകൂടത്തെ അറിയിക്കുമെന്നു പറഞ്ഞു.പുതുക്കിയ എസ്റ്റിമേറ്റിന് കേന്ദ്രാനുമതി വൈകിയതിനാലാണ് പദ്ധതി ഇത്രയും നാള്‍ വൈകിയത്. കേന്ദ്രാനുമതി പ്രതീക്ഷിച്ച് ഇതിനകം കേരളം പണം ചെലവഴിക്കുകയും ചെയ്തു. 110 കോടി രൂപയാണ് പദ്ധതിക്കായി കേരളം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിനാല്‍ നബാര്‍ഡിന്റെ സഹായം കേരളം തേടുകയും അത് അംഗീകരിക്കുകയുമായിരുന്നു. നേരത്തെ കേന്ദ്രവും സംസ്ഥാനവും പകുതി വീതം പണം അനുവദിക്കാനായിരുന്നു ധാരണ. ഇപ്പോള്‍ അതില്ലാതായതോടെയാണ് പുതിയ വഴി തേടിയതെന്നും മൂന്നു ഘട്ടമായി നബാര്‍ഡ് പണമനുവദിക്കാന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഡിപിആര്‍ അടുത്തയാഴ്ചയോടെ നബാര്‍ഡിന് കൈമാറുമെന്നും രണ്ടു മാസത്തിനകം അംഗീകാരം ലഭിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി സെപ്തംബറില്‍ പണി തുടങ്ങുമെന്നും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനിയര്‍ പികെഅനില്‍കുമര്‍ പറഞ്ഞു. തുറമുഖമില്ലാത്തത് മൂലം ഓഖി ദുരന്ത സമയത്ത് ജില്ല ഭരണകൂടം അനുഭവിച്ച യാതനകള്‍ പങ്കിട്ട ജില്ല കലക്ടര്‍ ടിവിഅനുപമ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജില്ല ഭരണകൂടത്തിന്റെ നിതാന്ത ജാഗ്രതയുണ്ടാകുമെന്ന് ഉറപ്പുനല്‍കി.

RELATED STORIES

Share it
Top