അര്‍ജന്റീനയ്ക്ക് കപ്പടിക്കണം; മെസ്സിക്ക് വേണ്ടിജലീല്‍ വടകര

2014ലെ ബ്രസീല്‍ ലോകകപ്പ് ആരും മറന്നു കാണില്ല,അര്‍ജന്റീനയും ജര്‍മനിയും തമ്മില്‍ നടന്ന ഫൈനല്‍. അര്‍ജന്റീനയുടെയും ജര്‍മനിയുടെയും ആരാധകക്കൂട്ടങ്ങള്‍ ജാഗ്രതയോടെ ഉറ്റുനോക്കിയ ഫൈനലായിരുന്നു അത്. എന്നാല്‍ ഗോള്‍ രഹിതമായി നിന്ന ഫൈനലിലെ എക്‌സ്ട്രാ ടൈമില്‍  നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനാണ് അര്‍ജന്റീന റഷ്യയിലേക്ക് വണ്ടി കയറുന്നത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ മുന്നാം തവണയും ലോകകപ്പ് നേടാനുറച്ചാവും അര്‍ജന്റീന റഷ്യന്‍ പര്യടനത്തിനൊരുങ്ങുന്നത്. എന്നാല്‍ നെഞ്ചിടിപ്പും അര്‍ജന്റീനയ്‌ക്കൊപ്പമുണ്ട്. കാരണം ഇനിയൊരു ലോകകപ്പിന് മെസ്സിയുടെ സാന്നിധ്യത്തില്‍ കളിക്കാന്‍ അര്‍ജന്റീന എന്ന ഫുട്‌ബോള്‍ ലോകത്തിലെ മാന്ത്രികര്‍ ഉണ്ടായെന്ന് വരില്ല. നൈജീരിയയും ഐസ്ലന്‍ഡും ക്രൊയേഷ്യയും സ്ഥാനമുറപ്പിച്ച ഗ്രൂപ്പ് ഡിയില്‍ ലോക അഞ്ചാം സ്ഥാനക്കാരായ അര്‍ജന്റീന അട്ടിമറി നേരിട്ടില്ലെങ്കില്‍ അനായാസം ക്വാര്‍ട്ടറിലേക്ക് കുതിക്കും. എന്നാല്‍ ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സൗഹൃദ മല്‍സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷം സ്‌പെയ്‌നിനോട് പോരടിച്ച അര്‍ജന്റീനയ്ക്ക് പക്ഷേ 1-6ന്റെ അപ്രതീക്ഷിത തോല്‍വിയാണ് നേരിട്ടത്. എങ്കിലും പിഴവുകള്‍ പരിഹരിച്ച് ലോകകപ്പില്‍ മുന്നോട്ടുള്ള വഴികള്‍ ശുദ്ധീകരിക്കാനാവും അര്‍ജന്റീന ശ്രമിക്കുക. ലോക ഫുട്‌ബോള്‍ ഏടുകളില്‍ എഴുതിക്കുറിച്ച മെസ്സി എന്ന ഇതിഹാസ സ്‌ട്രൈക്കറുടെ മികവിലാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയതെന്നും പറയാം. കാരണം, നിര്‍ണായകമായ അവസാന യോഗ്യതാ മല്‍സരത്തില്‍ മെസ്സിയുടെ ഹാട്രിക് ഗോള്‍ മികവിലാണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്.
ഇതിഹാസ കോച്ച് ജോര്‍ഗെ സാംപോളി നയിക്കുന്ന അര്‍ജന്റീനന്‍ കരുത്ത് ആക്രമണമാണ്. മെസ്സി നയിക്കുന്ന ആക്രമണ നിരയില്‍ പൗലോ ഡിബാല, ഗോണ്‍സാലോ ഹിഗ്വെയന്‍, എയ്ഞ്ചല്‍ ഡി മരിയ, മൗറോ ഇക്കാര്‍ഡി എന്നിവരുടെ സാന്നിധ്യവും ആരാധകര്‍ക്ക് ആശ്വാസം പകരും. സെര്‍ജിയോ അഗ്യുറോയുടെ പരിക്കാണ് ടീമിന് തലവേദനയുണ്ടാക്കുന്നത്. എന്നാല്‍ ആക്രമണത്തിനൊത്ത കരുത്തുറ്റ നിരയുടെ അഭാവമാണ് ടീമിന്റെ മധ്യനിരയിലെയും പ്രതിരോധനിരയിലെയും ദൗര്‍ബല്യം. യുവാന്‍ റോമല്‍ റിക്വല്‍മിക്ക് ശേഷം അര്‍ജന്റീന ജഴ്‌സിയില്‍ ലോകോത്തര നിലവാരമുള്ള താരമില്ലെന്നതാണ് സത്യം. പിഎസ്ജിയുടെ ലോ കെല്‍സോ, സെവിയ്യയുടെ എവര്‍ ബനേഗ, മിലാന്റെ ബിലിയ, റിവര്‍ പ്ലേറ്റിന്റെ എന്‍സോ പെരസ് എന്നിവരാണ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള മിഡ് ഫീല്‍ഡര്‍മാര്‍. മാഞ്ചസ്റ്റര്‍ സിറ്റി താരം ഒറ്റമെന്‍ഡി, മുന്‍ ബാഴ്‌സ താരം ഹാവിയര്‍ മഷറാനോ എന്നിവരാണ് അര്‍ജന്റീനയുടെ പ്രതിരോധ ഊര്‍ജം. സെര്‍ജിയോ റൊമേറ തന്നെയാവും ഇത്തവണയും ടീമിന്റെ കാവല്‍ക്കാരന്‍.
17 തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ രാജ്യമുദ്ര പതിപ്പിച്ചത.് ഇതില്‍ രണ്ട് തവണ ചാംപ്യന്‍പട്ടവും മൂന്നു തവണ റണ്ണേഴ്‌സ് അപ്പ് നേട്ടവും അര്‍ജന്റീനയുടെ അക്കൗണ്ടിലുണ്ട്.

ഐസ്‌ലന്‍ഡ്

മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന ഐസ്‌ലന്‍ഡിന്റെ ആദ്യ ലോകകപ്പ് ചുവടുവയ്പാണ് റഷ്യയിലേത്. വെറും മൂന്നുലക്ഷത്തി മുപ്പതിനായിരം ജനസംഖ്യ ഉള്ള ഐസ്‌ലന്‍ഡ് നിരന്തരമായ പരാജയങ്ങള്‍ക്കൊടുവിലാണ് തങ്ങളുടെ ആദ്യ പ്രവേശനം സ്വന്തമാക്കിയത്. ഇതോടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ മറികടന്ന ലോകകപ്പില്‍ യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവും ഐസ്‌ലന്‍ഡ് സ്വന്തമാക്കി. നിലവില്‍ ഫിഫ റാങ്കിങില്‍ 22ാം സ്ഥാനത്താണ് ഈ കുഞ്ഞന്‍ ടീം. യുവേഫ ഗ്രൂപ്പ് 1ലെ അവസാന മല്‍സരത്തില്‍ കൊസോവയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടീം ഈ നേട്ടം ആഘോഷിച്ചത.് ഗ്രൂപ്പില്‍ 10 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായിരുന്നു ഐസ്‌ലന്‍ഡ്. ടീമില്‍ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കളിച്ച യുക്രൈന്‍, തുര്‍ക്കി, ക്രൊയേഷ്യ ടീമുകളെ മറികടന്നാണ് ഐസ് ലന്‍ഡ് കന്നി പ്രവേശനം നേടിയത്. 2016ല്‍ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ എട്ടാം സ്ഥാനത്തെത്തിയതാണ് ടീമിന്റെ മികച്ച നേട്ടം.

ക്രൊയേഷ്യ

യൂറോപ്പില്‍ നിന്ന് ഗ്രീസിനെ 4-1ന് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ലോകകപ്പില്‍ തങ്ങളുടെ അഞ്ചാം യോഗ്യത സുരക്ഷിതമാക്കിയത്. ഇറ്റാലിയന്‍  സീരീസ് എ കരുത്തരായ ഇന്റര്‍ മിലാന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇവാന്‍ പെരിസിച്ചാണ് ടീമിന്റെ ആക്രണ കുന്തമുന. ഇക്കഴിഞ്ഞ 2016യൂറോ കപ്പില്‍ 2014ലെ ചാംപ്യന്‍മാരായ സ്‌പെയിനിനെ അട്ടിമറിച്ച ചരിത്രവീര്യവും ക്രൊയേഷ്യക്കുണ്ട്. ഈ മല്‍സരങ്ങളില്‍ പെരിസിച്ചായിരുന്നു ടീമിന്റെ വിജയശില്‍പി. മുമ്പ് 1930 മുതല്‍ 38വരെയും 1950 മുതല്‍ 1990 വരെയും നടന്ന ലോകകപ്പുകളില്‍ യുഗോസ്ലാവിയയുടെ ഭാഗമായാണ് ക്രൊയേഷ്യ ലോകകപ്പില്‍ നിറ സാന്നിധ്യമായത്. പിന്നീട് വിഭജനത്തിന് ശേഷം 1994ലെ ലോകകപ്പ് സമയത്ത് സ്വതന്ത്രരായ ക്രൊയേഷ്യക്ക് പക്ഷേ ലോകകപ്പില്‍ ഇടം പിടിക്കാനായില്ല. എന്നാല്‍ 1998ല്‍ ആദ്യമായി കാല്‍വയ്പ്പ് നടത്തിയ ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനവുമായാണ് നാട്ടിലേക്ക് തിരിച്ചത.് ശേഷം മൂന്നു തവണ യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ പോരാട്ടം അവസാനിച്ചു.

നൈജീരിയ

ആഫ്രിക്കയില്‍ നിന്ന് കരുത്ത് തെളിയിച്ചാണ് കറുത്ത കുതിരകളെന്ന് വിശേഷണം കൈമുതലാക്കിയ നൈജീരിയ ലോകകപ്പിനെത്തുന്നത്. 1994ലെ അമേരിക്കന്‍ ലോകകപ്പില്‍ ടീം ആദ്യമായി യോഗ്യത നേടിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ പോരാട്ടം അവസാനിച്ചു. പിന്നീട് 1998ലും 2002ലും 2010ലും 2014ലും അവര്‍ കരുത്ത് തെളിയിച്ചെങ്കിലും ക്വാര്‍ട്ടറിലെത്താനായില്ല. 2017ല്‍ അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദ മല്‍സരത്തില്‍ അവരെ 4-2ന് അട്ടിമറിച്ചാണ് നൈജീരിയ ലോകത്തോട് തങ്ങളുടെ വെല്ലുവിളി ഉയര്‍ത്തിയത്. ഇതിലൂടെ കിരീടം തങ്ങള്‍ക്കും സ്വന്തമാക്കാമെന്ന എന്ന സൂചനയാണ് ടീം നല്‍കുന്നത്. ലോക റാങ്കിങില്‍ 47ാം സ്ഥാനത്തുള്ള നൈജീരിയ ഗ്രൂപ്പ് ഡിയില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് റാങ്കിങില്‍ പിറകിലാണ്. എങ്കിലും കറുത്ത കുതിരകളുടെ കാല്‍ക്കരുത്ത് റഷ്യന്‍ മൈതാനിയില്‍ തോരോട്ടം തുടര്‍ന്നാല്‍ നൈജീരിയയ്ക്കും നാട്ടിലേക്ക് കിരീടമെത്തിക്കാം.

RELATED STORIES

Share it
Top