അര്‍ജന്റീനയെ തകര്‍ത്ത ബെര്‍ഗ്കാംപിന്റെ അദ്ഭുത ഗോള്‍

ഫ്രാന്‍സിലെ മാര്‍സെലോയില്‍ 20 വര്‍ഷം മുമ്പ് അര്‍ജന്റീനയുടെ കണ്ണീര്‍ വീണ ദിനമായിരുന്നു ഇന്നലെ കഴിഞ്ഞുപോയത്. കിരീട ഫേവറിറ്റുകളായെത്തിയ അര്‍ജന്റീനയ്ക്ക് 1998ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ പക്ഷേ ഹോളണ്ടിനോട് അടിതെറ്റി. ഹോളണ്ട് താരം ഡെന്നീസ് ബര്‍ഗ്കാംപിന്റെ അദ്ഭുത ഗോളെന്ന് പിന്നീട് ലോകം വിശേഷിപ്പിച്ച 90ാം മിനിറ്റിലെ ആ ഗോളിനാണ് അര്‍ജന്റീന അടിയറവ് പറഞ്ഞത്.
1998 ജൂലൈ 4ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും ഹോളണ്ടും ഓരോ ഗോള്‍ വീതം നേടി മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോഴായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. മൂന്നേമൂന്നു ടച്ചുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ ലോകോത്തര ഗോളിന്. ഹോളണ്ട് ക്യാപ്റ്റന്‍ ഫ്രാങ്ക് ഡെ ബോയറിന്റേതായിരുന്നു അസിസ്റ്റ്.
ഫ്രാങ്ക് ഡെ ബോയര്‍ 60 അടിയോളം പിറകില്‍ നിന്നു നല്‍കിയ മനോഹരമായ ഏരിയല്‍ പാസ് എന്നു വിശേഷിപ്പിക്കാവുന്ന ഒരു ലോകോത്തര ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രണത്തിലാക്കിയ ബെര്‍ഗ്കാംപ് മുന്നില്‍ നിന്ന അയാളെയെ കബളിപ്പിച്ചു വെട്ടിത്തിരിഞ്ഞു ഷോട്ടെടുത്തു. പന്ത് ഗോള്‍കീപ്പര്‍ കാര്‍ലോസ് റോയെ മറികടന്ന് വലയിലേക്ക്. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അര്‍ജന്റീനന്‍ ആരാധകരുടെ ഹൃദയം കീറിമുറിച്ചായിരുന്നു ബെര്‍ഗ്കാംപിന്റെ ആ ഗോള്‍ പിറന്നത്.
ഹോളണ്ടിന്റെ ഓറഞ്ച് കുപ്പായത്തില്‍ ബെര്‍ഗ്കാംപിന്റെ 36ാം ഗോളായിരുന്നു ഇത്. പക്ഷേ, സെമിയില്‍ പെനല്‍റ്റിയിലൂടെ ബ്രസീലിനു മുന്നില്‍ ഹോളണ്ടിന് അടിതെറ്റി. ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത സിദാന്റെ ഉജ്ജ്വല പ്രകടനത്തിലൂടെ ഫ്രാന്‍സ് കിരീടമണിയുകയും ചെയ്തു.

RELATED STORIES

Share it
Top