അര്‍ജന്റീനയുടെ പരിശീലകസ്ഥാനത്ത് നിന്ന് സാംപോളി പുറത്ത്
vishnu vis2018-07-16T22:37:18+05:30

ബ്യൂണസ് ഐറിസ്: ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അര്‍ജന്റീനന്‍ കോച്ച് ജോര്‍ജ് സാംപോളി പുറത്ത്. അര്‍ജന്റീനന്‍ ഫുട്ബോള്‍ അസോസിയേഷനും സാംപോളി യും ചേര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. ടീം പുറത്ത് വിട്ട പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്. ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ ടീം പുറത്തായിരുന്നു. ലോകകപ്പ് കിരീടം ചൂടിയ ഫ്രാന്‍സായിരുന്നു ടീമിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്. അദ്ദേഹത്തിന് പുറമേ അസിസ്റ്റന്റ് കോച്ചും ടീമില്‍ നിന്നും രാജിവച്ചു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയത്തോടെ രണ്ടാം സ്ഥാനവുമായാണ് ടീം പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നത്. 2014ല്‍ അലെജാന്‍ഡ്രോ സബെല്ല ടീമിന് കിരീടം സമ്മാനിച്ചതിന് ശേഷം മൂന്ന് പേരാണ് നാലു വര്‍ഷത്തിനിടെ ടീമിന്റെ പരിശീലകസ്ഥാനമൊഴിയുന്നത്. നേരത്തേ ലോകകപ്പിലേ ദയനീയ പ്രകടനത്തിനുശേഷം സാംപോളിയെ പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2015ല്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി കോപ്പാ അമേരിക്ക കിരീടം സ്വന്തമാക്കുമ്പാള്‍ സാംപോളിയായിരുന്നു ചിലിയുടെ പരിശീലകന്. തുടര്‍ന്ന് 2017 ജൂണില്‍ 58കാരന് അര്‍ജന്റീനയുടെ പരിശീലക സ്ഥാനമേറ്റെടുത്തു. 2022 വരെയായിരുന്നു അന്ന് സാംപോളിയുമായി ടീം കരാറിലെത്തിയത്. ടീമില്‍ നിന്നും പിരിഞ്ഞതോടെ ഇതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം എഎഫ്എ ഏഴ് ഗഡുക്കളായി സാംപോളിക്ക് നല്‍കും. 1.6 മില്യണ്‍ ഡോളറായാണ് ആകെതുക നിശ്ചയിച്ചിട്ടുള്ളത്. ഇതുവരെ 15 മല്‍സരങ്ങളില്‍ സാംപോളി അര്‍ജന്റീനയെ നയിച്ചപ്പോള്‍ ഏഴ് ജയവും നാല് സമനിലയും നാല് പരാജയവും ടീമിന് നല്കി. അദ്ദേഹത്തിന് കീഴില്‍ ടീമിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സാംപൊളി പോയതിനെ തുടര്‍ന്ന് ടോട്ടനം കോച്ച് മൗറീഷ്യസ് പൊച്ചെറ്റിനോ, അത്ലറ്റികോ മാഡ്രിഡ് കോച്ച് ഡീഗോ, സിമോണ്‍ റിവര്‍ പ്ലേറ്റ് കോച്ച് മാഴ്സെലോ ഗല്ലാര്‍ഡോ എന്നിവരാണ് പരിശീലകസ്ഥാനത്തേക്ക് ടീം കണ്ടുവച്ചിരിക്കുന്നത്.