അര്‍ജന്റീനയുടെ പരാജയം: യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം വീടുവിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30ന് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ നടന്ന മല്‍സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടതില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകന്‍ അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ  മകന്‍ ഡിനു അലക്‌സി (30)ന്റെ മൃതദേഹമാണ് ഇന്നലെ  കോട്ടയം ഇല്ലിക്കല്‍ പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കണ്ടെത്തിയത്.
അര്‍ജന്റീന മല്‍സരത്തില്‍ തോറ്റതിനു പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ യുവാവിനെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വീടിനു സമീപത്തുള്ള മീനച്ചിലാറിന്റെ തീരം വരെ ഡിനു എത്തിയതായി മനസ്സിലായി. തുടര്‍ന്ന് രണ്ടു ദിവസം ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെ ഇല്ലിക്കല്‍ പാലത്തിനു സമീപം മീനച്ചിലാറ്റില്‍ മൃതദേഹം ഒഴുകുന്നതു കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിലും പോലിസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 9.30ഓടെ കോട്ടയത്തു നിന്നു ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുഴയില്‍ നിന്നെടുത്തു. അയര്‍ക്കുന്നം പോലിസ് മേല്‍ നടപടി സ്വീകരിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കെമിസ്ട്രി ബിരുദധാരിയാണ്  ഡിനു. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ പേരുണ്ടായിരുന്നു. മാതാവ്: ചിന്നമ്മ. ഏക സഹോദരി ദിവ്യ ഖത്തറില്‍ നഴ്‌സാണ്. ഇവര്‍ നാട്ടിലെത്തിയിട്ടുണ്ട്. വൈകീട്ട് 5 മണിയോടെ സംസ്‌കാരം നടത്തി.

RELATED STORIES

Share it
Top