അര്‍ജന്റീനന്‍ വലയില്‍ ഗോള്‍ മഴ, കേരളത്തില്‍ ട്രോള്‍ മഴ; മനം നൊന്ത് ആരാധകര്‍

ഫഖ്‌റൂദ്ദീന്‍ പന്താവൂര്‍
പൊന്നാനി: അര്‍ജന്റീനയുടെ വലയില്‍ ഗോള്‍മഴ പെയ്തപ്പോള്‍ കേരളത്തില്‍ ട്രോള്‍മഴ. ആരാധകരുടെ നെഞ്ചകം തകര്‍ത്താണ് ക്രൊയേഷ്യ അര്‍ജന്റീനന്‍ ഗോള്‍ പോസ്റ്റിലേക്ക് മൂന്നു ഗോളുകള്‍ തൊടുത്തത്. ആരാധകരുടെ കണ്ണുനീര്‍ വീണ ആ പരാജയം പക്ഷേ, കേരളത്തിലെ ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി അവസാനിക്കുമ്പോള്‍ തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീനയെ പരിഹസിച്ചും മെസ്സിയെ ദുരന്ത നായകനാക്കിയും നിരവധി ട്രോളുകളാണ് പ്രചരിച്ചത്.
മിക്ക ട്രോളുകളിലും ടീമിനപ്പുറം ലയണല്‍ മെസ്സി തന്നെയായിരുന്നു കൂടുതല്‍ ആക്രമിക്കപ്പെട്ടതും. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ആരാധകള്‍ ഫഌക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളും കൊണ്ട് വിവിധ പ്രദേശങ്ങള്‍ അലങ്കരിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള മെസ്സിയുടെ ടീമിന്റെ തോല്‍വിയില്‍ പലരും കണ്ണീരൊഴുക്കിയാണ് മടങ്ങിയത്.
തങ്ങളുടെ ഇഷ്ട ടീം ജയിക്കുന്നത് കാണാന്‍ ഏറെ പ്രതീക്ഷയോടെയാണ് പലരും ക്ലബ്ബുകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ച ബിഗ് സ്‌ക്രീനിന് മുന്നിലെത്തിയതെങ്കിലും ടീമിന്റെ പ്രകടനത്തിനു മുമ്പില്‍ ആരാധകര്‍ തുടക്കംമുതല്‍ തന്നെ നിരാശരായിരുന്നു. എതിര്‍ ടീമിന്റെ ആരാധകരുടെ കുത്തുവാക്കുകളും ട്രോളുകളും തെറിവിളികളും പരിഹാസങ്ങളുമെല്ലാം അടക്കിപ്പിടിച്ച ദുഃഖങ്ങള്‍ക്കുള്ളില്‍ ഒതുക്കിയാണ് പലരും മല്‍സരം കണ്ടത്.

RELATED STORIES

Share it
Top