അരോമ ഇന്റര്‍നാഷ്ണല്‍ ബില്‍ഡിങ് കോണ്‍ട്രാക്റ്റിങ് കമ്പനിയ്ക്ക് രണ്ടാം വര്‍ഷവും 'തഖ്ദീര്‍ അവാര്‍ഡ് '

ദുബായില്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ സംരക്ഷണവും ഉറപ്പാക്കുന്ന മികച്ച കമ്പനികള്‍ക്കായി നല്‍കി വരുന്ന രണ്ടാമത് തഖ്ദീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാളി ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷ്ണല്‍ ബില്‍ഡിങ് കോണ്‍ട്രാക്റ്റിങ് കമ്പനി, തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവാര്‍ഡ് സ്വന്തമാക്കി.


ദുബായിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച്,  മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കായി നല്‍കി വരുന്ന അംഗീകാരമാണ് തഖ്ദീര്‍ അവാര്‍ഡുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍, ദുബായ് രാജകുടുംബാംഗം ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അവാര്‍ഡ് സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി 24 കമ്പനികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇതില്‍ മലയാളി ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷ്ണല്‍ ബില്‍ഡിങ് കോണ്‍ട്രാക്റ്റിങ് കമ്പനി, തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അവാര്‍ഡ് സ്വന്തമാക്കി. കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി കെ സജീവിന്, ഷെയ്ഖ് മന്‍സൂര്‍ അവാര്‍ഡ് സമ്മാനിച്ചു. ഈ അവാര്‍ഡ് തന്റെ തൊഴിലാളികള്‍ക്കായി സമര്‍പ്പിക്കുകയാണെന്ന് പ്രമുഖ സിവില്‍ എഞ്ചിനീയറും കൊല്ലം സ്വദേശിയുമായ പി കെ സജീവ് പറഞ്ഞു.

1998 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അരോമ കമ്പനിയ്ക്ക് കീഴില്‍ വിവിധ രാജ്യക്കാരായ മൂവായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്ത് വരുന്നു. ബഹുനില കെട്ടിടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍, ഫാക്ടറികള്‍ എന്നിവയുടെ നിര്‍മ്മാണ രംഗത്ത് , കഴിഞ്ഞ 20 വര്‍ഷമായി അരോമ പ്രവര്‍ത്തിച്ച് വരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, മികച്ച നിലവാരത്തിലുള്ള താമസ സൗകര്യം നല്‍കുക, നിര്‍മാണ സ്ഥലത്തെ തൊഴിലാളികളുടെ സുരക്ഷ, ശമ്പളം യഥാസമയം വിതരണം ചെയ്യുക, തൊഴിലാളി ക്ഷേമം, സന്തോഷം എങ്ങിനെ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധിച്ചാണ് തഖ്ദീര്‍ അവാര്‍ഡിന് കമ്പനികളെ തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top